ജയിലിൽ തടവുകാർക്കായി ‘സെക്സ് റൂം’ തുറന്ന് ഇറ്റലി. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടുവരുന്നത്. തടവുകാരുടെ അവകാശം സംബന്ധിച്ച കോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം. മധ്യ ഇറ്റലിയിലെ ഉംബ്രിയ മേഖലയിലുള്ള ജയിലിലാണ് രാജ്യത്തെ ആദ്യത്തെ സെക്‌സ് റൂം പ്രവര്‍ത്തനം ആരംഭിച്ചത്.
അമ്പ്രിയയിലെ ജയിലിലെ ഒരു തടവുകാരന് തൻ്റെ പങ്കാളിയുമായി സമയം ചെലവിടാൻ അനുമതി നൽകിയാണ് വെള്ളിയാഴ്‌ച രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനത്തിന് തുടക്കം കുറിച്ചത്. തങ്ങളെ സന്ദർശിക്കാനെത്തുന്ന പങ്കാളികളുമായി അടുത്തിടപഴകുന്നതിന് തടവിൽ കഴിയുന്നവർക്ക് അവകാശമുണ്ടെന്നും ഇത് പരിഗണിച്ച് അംഗീകരിക്കാവുന്ന സാഹചര്യമുണ്ടെങ്കിൽ അനുവദിക്കാവുന്നതാണെന്നുമുള്ള കോൺസ്റ്റിട്യൂഷണൽ കോർട്ടിന്റെ വിധിയെ തുടർന്നാണ് ചില തടവുപുള്ളികൾക്ക് ഇത്തരത്തിലുള്ള സ്വകാര്യ സന്ദർശനത്തിന് അനുമതി ലഭിച്ചത്.
എല്ലാം കോടതി നിർദേശപ്രകാരം നടന്നതായും ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാൽ കൂടുതൽ വിവരം പങ്കുവെക്കാൻ നിർവാഹമില്ലെന്നും അമ്പ്രിയയിലെ പ്രിസണേഴ്‌സ് റൈറ്റ്സ് ഓംബുഡ്സ്മാൻ ജ്യൂസെപ്പേ കഫോറിയോ വാർത്താമാധ്യമമായ എഎൻഎസ്എയോട് പ്രതികരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് പങ്കാളികളുമായി കൂടിക്കാഴ്‌ചയ്ക്കുള്ള അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിതപങ്കാളികളുമായോ ദീർഘകാലത്തെ പങ്കാളികളുമായോ ഉള്ള ‘സ്വകാര്യ കൂടിക്കാഴ്ച’യ്ക്ക് ജയിലിൽ കഴിയുന്നവർക്ക് അവകാശമുണ്ടെന്ന് 2024 ലാണ് കോടതി വിധി പ്രസ്‌താവിച്ചത്. ജയിലിലെ സുരക്ഷാജീവനക്കാരുടെ നിരീക്ഷണമില്ലാതെയുള്ള കൂടിക്കാഴ്‌ച അനുവദിക്കണമെന്നായിരുന്നു വിധി. യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഇതിനോടകം ഇക്കാര്യം അനുവദിച്ചിട്ടുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാൻസ്, ജർമനി, സ്പെയിൻ, നെതർലൻഡ്‌സ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ തടവുകാർക്ക് പങ്കാളികളുമായുള്ള സ്വകാര്യ കൂടിക്കാഴ്‌ചയ്ക്ക് അനുമതിയുണ്ട്.
കിടക്കയും ടോയ്‌ലെറ്റുമുള്ള ഒരു മുറിയിൽ രണ്ട് മണിക്കൂർ നേരം തങ്ങളുടെ പങ്കാളിയുമായി ഒരുമിച്ചു കഴിയാനുള്ള സൗകര്യം തടവുകാർക്ക് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ നിയമമന്ത്രാലയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. ആവശ്യമെങ്കിൽ സുരക്ഷാജീവനക്കാർക്ക് മുറിക്കുള്ളിൽ പ്രവേശിക്കുന്നതിനായി മുറിയുടെ വാതിൽ പൂട്ടരുതെന്ന പ്രത്യേക നിർദേശവും ഇവയിൽ ഉൾപ്പെടുന്നു. യൂറോപ്പിൽ തടവുകാരുടെ നിരക്ക് ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് ഇറ്റലി. കൂടാതെ ജയിലുകളിലെ ആത്മഹത്യാനിരക്കും ഇറ്റലിയിൽ ഈയിടെ വർധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 62,000ലധികം തടവുകാർ ഇറ്റലിയിലുണ്ട്. രാജ്യത്തെ ജയിലുകൾക്ക് ഉൾക്കൊള്ളാവുന്നതിൻ്റെ 21 ശതമാനം അധികമാണ് തടവുകാരുടെ എണ്ണം. ജയിലുകളില്‍ തടവുകാര്‍ക്കായി ‘സെക്‌സ് റൂം’ തുറന്ന് ഇറ്റലി. തടവുകാര്‍ക്ക് തങ്ങളുടെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കുന്ന പ്രത്യേക മുറി വെള്ളിയാഴ്ച മുതലാണ് പ്രവര്‍ത്തനക്ഷമമായത്. തടവുകാരുടെ അവകാശം സംബന്ധിച്ച കോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം.