പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ നാടകീയമായി രാജി പ്രഖ്യാപിച്ചു. അടുത്ത മാസം രാജി സമര്‍പ്പിക്കുമെന്ന് ജസീന്ത വ്യക്തമാക്കി. ഫെബ്രുവരി ഏഴിന് ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും ഒഴിയുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
അടുത്ത ഒരു തിരഞ്ഞെടുപ്പില്‍ കൂടി പാര്‍ട്ടിയെ നയിക്കാനുള്ള ഊര്‍ജമില്ല. ഭാവി പരിപാടിയെ കുറിച്ച് വേനല്‍ക്കാല അവധിക്ക് ശേഷം തീരുമാനിക്കും. രാജ്യത്തെ നയിക്കുകയെന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. അതൊടൊപ്പം തന്നെ വെല്ലുവിളി നിറഞ്ഞതുമാണെന്ന് അവര്‍ വ്യക്തമാക്കി.
2017-ല്‍ 37ാം വയസില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ ലോകത്തിലെ പ്രായം കുറഞ്ഞ വനിത പ്രധാനമന്ത്രി അവരായിരുന്നു. പിന്നീട് അധികാരത്തിലുള്ളപ്പോള്‍ തന്നെ അവര്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. ജസീന്തയുടെ നേതൃത്വത്തിലാണ് ന്യൂസിലാന്‍ഡ് ധൈര്യപൂര്‍വം കൊറോണയെ നേരിട്ടത്.
സ്ത്രീകള്‍, ആദിവാസികള്‍, വിദേശവംശജര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയാണ് ജസീന്ത തന്റെ മന്ത്രിസഭ രൂപീകരിച്ചത്. 20അംഗ മന്ത്രിസഭയില്‍ എട്ട് പേര്‍ സ്ത്രീകളായിരുന്നു. എല്‍.ജി.ബി.ടി വിഭാഗത്തില്‍ നിന്ന് മൂന്ന് പേരും മാവോരി ഗോത്രവിഭാഗത്തില്‍ നിന്ന് അഞ്ച് പേരും മന്ത്രിമാരായിരുന്നു.