ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു; അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത് പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് ഭീകരനുമായ ഷാഹിദ് ലത്തീഫ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ സിയാല്‍കോട്ടിലെ പള്ളിയില്‍ അജ്ഞാതരുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.

ഷാഹിദ് ലത്തീഫിനെ വധിച്ചവര്‍ക്കായി അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു. ഭീകരവാദി സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് കൊല്ലപ്പെട്ട ഷാഹിദ് ലത്തീഫ്. ഇയാള്‍ 2010 മുതല്‍ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിലുണ്ട്. 2016ല്‍ പത്താന്‍കോട്ടില്‍ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഷാഹിദ് ലത്തീഫ്.

Read more

പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ എന്‍ഐഎ യുഎപിഎ ചുമത്തിയിരുന്നു. പാകിസ്ഥാനില്‍ നിന്നെത്തിയ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പത്താന്‍കോട്ട് വ്യോമസേന താവളത്തിനുള്ളില്‍ കടന്ന് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സിവിലിയനും ഉള്‍പ്പെടെ എട്ട് ഇന്ത്യാക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.