എസ്. ജയശങ്കറിന്റെ ഇടപെടൽ; 'കപ്പലിലെ ജീവനക്കാരുമായി സംസാരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍'

ഇറാൻ പിടിച്ചെടുത്ത എംഎസ് സി ഏരീസ് എന്ന ചരക്ക് കപ്പലിലെ ജീവനക്കാരുമായി സംസാരിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകും. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ജീവനക്കാരെ കാണാൻ അവസരമൊരുക്കുമെന്നാണ് ഇറാൻ അറിയിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് നടപടി.

ഇറാൻ വിദേശകാര്യമന്ത്രി എച്ച് അമീർ-അബ്‌ദുള്ളാഹിയാനുമായി ചർച്ച ചെയ്ത‌തായി കഴിഞ്ഞ ദിവസം ജയശങ്കർ ട്വീറ്റ് ചെയ്‌തിരുന്നു. ഞായറാഴ്ച വൈകീട്ട് അമീർ-അബ്‌ദുള്ളാഹിയാനുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചർച്ച ചെയ്‌തതായും ജയശങ്കർ ട്വീറ്റ് ചെയ്തിരുന്നു.

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിൻ്റെ ചരക്ക് കപ്പലിൽ നാല് മലയാളി ജീവനക്കാരും. 25 അംഗങ്ങളുള്ള കപ്പലിൽ പതിനേഴ് പേരും ഇന്ത്യക്കാരാണ്. ഇതിൽ 4 മലയാളികളും ഉൾപ്പെടുന്നു. തൃശൂർ സ്വദേശിനിയായ ആൻ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് മലയാളികൾ.

ഹോർമുസ് കടലിടുക്കിൽ വച്ചാണ് എംഎസ്‌സി ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം ഇന്നലെ പിടിച്ചെടുത്തത്. ‘ഹെലിബോൺ ഓപ്പറേഷനി’ലൂടെയാണ് കപ്പൽ പിടിച്ചെടുത്തത്. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാൻ്റെ വിശദീകരണം. കപ്പൽ ഇറാൻ തീരത്തേയ്ക്ക് അടുപ്പിച്ചു. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിൻ്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ – സ്വിസ് കമ്പനിയായ എംഎസ്‌സിയാണ് കപ്പലിന്റെ നടത്തിപ്പ്.

Read more