എയര്‍ഫോഴ്‌സ് വണ്‍ ഒഴിവാക്കി, വൈറ്റ്ഹൗസില്‍ നിന്നും ബോഡിഗാര്‍ഡുകളില്ലാതെ ബൈഡന്‍; ട്രെയിനില്‍ പത്തു മണിക്കൂര്‍ രഹസ്യയാത്ര; ചരിത്രം ഈ സന്ദര്‍ശനം

ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷകളോടുകൂടി യാത്ര ചെയ്യുന്നതും എവിടെയും കനത്ത സുരക്ഷ ലഭിക്കുന്നതുമായ ഒരാളാണ് അമേരിക്കൻ പ്രസിഡന്റ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, ചരിത്രത്തിൽ ആദ്യമായി ഒരു സജീവ യുദ്ധമേഖലയിലേക്ക് അധികം സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ സാധാരണക്കാരുടെ ട്രെയിനിൽ യാത്ര നടത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഉക്രൈൻ തലസ്ഥാനമായ കീവിൽ അതീവരഹസ്യമായി ജോ ബൈഡൻ എത്തിയത്. അമേരിക്കൻ പ്രസിഡന്റുമാർ അന്താരാഷ്ട്ര യാത്രകളിൽ സാധാരണയായി ഉപയോഗിക്കുന്ന എയർഫോഴ്സ് വൺ എന്ന സ്വകാര്യ വിമാനത്തിന് പകരം സാധാരണക്കാർ ഉപയോഗിക്കുന്ന ട്രെയിനാണ് ജോ ബൈഡൻ തിരഞ്ഞെടുത്തത്. പോളണ്ടിൽ നിന്ന് കീവിലേക്കുള്ള ട്രെയിനിൽ ഏകദേശം പത്ത് മണിക്കൂറാണ് അദ്ദേഹം തന്റെ ചെറിയ സംഘത്തോടൊപ്പം യാത്ര ചെയ്തത്.

കീവിൽ എത്തിയ ജോ ബൈഡൻ ഉക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി, പ്രഥമ വനിത ഒലീന സെലെൻസ്‌കി, ഉന്നത ഉക്രൈനിയൻ ഉദ്യോഗസ്ഥ എന്നിവരെ കാണുകയും റഷ്യയുടെ അധിനിവേശത്തിന്റെ ഒന്നാം വാർഷികം ആചരിക്കാൻ പോകുന്ന രാജ്യത്തിന് യുഎസ് പിന്തുണയുടെ ശക്തമായ സന്ദേശം അറിയിക്കുകയും ചെയ്തു. അഞ്ച് മണിക്കൂറോളം കീവിൽ ചെലവഴിച്ച ശേഷം ബൈഡൻ വീണ്ടും 10 മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാണ് പോളണ്ടിലേക്ക് തിരികെയെത്തിയത്.

വൈറ്റ് ഹൗസ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ്, സീക്രട്ട് സർവീസ് എന്നിവയിലെ തിരഞ്ഞെടുത്ത ചില ഉദ്യോഗസ്ഥർക്ക് മാത്രമേ ബൈഡന്റെ സന്ദർശനത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളു. ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ഞായറാഴ്ച കുർബാനയ്ക്കും തുടർന്നുള്ള അത്താഴത്തിനും ശേഷം വൈറ്റ് ഹൗസിലേക്ക് മടങ്ങി. പ്രസിഡന്റിന്റെ ഒരു രാത്രി അവസാനിച്ചുവെന്ന് ലോകം വിശ്വസിച്ചപ്പോൾ സുരക്ഷാ പരിവാരങ്ങൾ ഇല്ലാതെ ബൈഡൻ വൈറ്റ് ഹൗസ് നിന്ന് ഒരു സൈനിക വിമാനത്തിൽ മേരിലാന്റിലെ സൈനിക വിമാനത്താവളത്തിലേക്ക് തിരിച്ചു. വളരെ കുറച്ചു സുരക്ഷാ ഉദ്യോഗസ്ഥരും, ഫോട്ടോഗ്രാഫറും, മെഡിക്കൽ ടീമും, രണ്ടു മാധ്യമപ്രവർത്തകരും മാത്രമേ സംഘത്തിലുണ്ടായിരുന്നു. അവിടെ നിന്ന് ബൈഡനും സംഘവും പോളണ്ടിലേക്ക് തിരിച്ചു.

സാധാരണഗതിയിൽ 13 അംഗ മാധ്യമസംഘം ബൈഡനൊപ്പം സഞ്ചരിക്കാറുണ്ടെങ്കിലും കീവ് സന്ദർശനത്തിൽ രണ്ട് മാധ്യമപ്രവർത്തകരെ മാത്രമേ അനുവദിച്ചിരുന്നുള്ളു. മാത്രമല്ല രണ്ട് മാധ്യമപ്രവർത്തകരോടും പ്രസിഡന്റിന്റെ യാത്ര രഹസ്യമായി സൂക്ഷിക്കാൻ പറയുകയും കീവിൽ എത്തുന്നതുവരെ അവരുടെ ഫോണുകൾ പിടിച്ചു വയ്ക്കുകയും ചെയ്തു. ദ വാൾ സ്ട്രീറ്റ് ജേർണലിൽ നിന്നുള്ള സബ്രീന സിദ്ദിഖിയും അസോസിയേറ്റഡ് പ്രസിൽ നിന്നുള്ള ഇവാൻ വുച്ചിയും ആയിരുന്നു രണ്ട് മാധ്യമപ്രവർത്തകർ. ഫെബ്രുവരി 19 ന് രാത്രി 9:37 ഓടെയാണ് പോളണ്ടിലെ സ്റ്റേഷനിൽ നിന്ന് ബൈഡൻ ട്രെയിൻ കയറിയത്.

ജോ ബൈഡന്റെ യാത്ര മറ്റാരും അറിയാതിരിക്കാനായി പോളണ്ടിലെ റെയിൽവേ സ്റ്റേഷൻ സുരക്ഷയുടെ മുന്നോടിയായി സ്റ്റേഷനിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നില്ല എന്നുമാത്രമല്ല സാധാരണക്കാരായ പലരും സ്റ്റേഷനിലുണ്ടായിരുന്നു. ഇവരിൽ പലരും ട്രെയിനിനായി കാത്തു നിൽക്കുകയും ഇടയ്ക്കിടെ തിരിഞ്ഞുനോക്കുകയും ചെയ്തതിരുന്നെങ്കിലും ബൈഡനെയും സംഘത്തെയും തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ബൈഡനൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് , ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് , ഓവൽ ഓഫീസ് ഓപ്പറേഷൻസ് ഡയറക്ടർ എന്നിങ്ങനെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കീവിലേക്ക് അദ്ദേഹത്തെ അനുഗമിച്ചത്. കീവിലേക്കുള്ള ട്രെയിൻ യാത്രയ്ക്ക് ഏകദേശം 10 മണിക്കൂർ സമയമെടുത്തു. മാത്രമല്ല സുരക്ഷയുടെ ഭാഗമായി ഒന്ന് രണ്ട് സ്റ്റോപ്പുകളിൽ മാത്രമാണ് ട്രെയിൻ നിർത്തിയിരുന്നത്. പ്രാദേശിക സമയം രാവിലെ ഏകദേശം 8 മണിക്ക് പ്രസിഡന്റ് കീവിലെത്തി.

ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ സംഘർഷ മേഖലകൾ മുൻ അമേരിക്കൻ പ്രസിഡന്റുമാർ സന്ദർശിച്ചിട്ടുണ്ടെങ്കിലും പിന്നീട് ആരും സജീവമായ ഒരു യുദ്ധമേഖല സന്ദർശിച്ചിട്ടില്ല. എന്നാൽ ഇതാദ്യമായാണ് ഒരു യുദ്ധ മേഖലയിൽ അധികം സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഒരു പ്രസിഡന്റ് എത്തുന്നത്. പ്രസിഡൻറ് വ്ളാഡിമിർ സെലൻസ്കിയോടൊപ്പം ജോ ബൈഡൻ നിൽക്കുന്ന വീഡിയോകളിൽ പോലും എയർ റെയ്ഡ് സൈറൺ മുഴങ്ങുന്നത് കേൾക്കാൻ സാധിക്കും. പൊതുവെ പ്രത്യേക വിമാനമായ എയർഫോഴ്സ് വണ്ണിലാണ് പ്രസിഡൻറ് യാത്ര ചെയ്യാറുള്ളത്. എന്നാൽ ഉക്രൈൻ ട്രെയിനിൽ പ്രസിഡന്റ് യാത്ര ചെയ്തതോടെ അത് റെയിൽഫോഴ്സ് വൺ ആയിരിക്കുകയാണ് എന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് ഉക്രൈനിലെ റെയൽവേ അധികൃതർ.

സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡൻ അമേരിക്ക യുക്രൈനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ഉക്രൈന് 50 കോടി ഡോളറിന്റെ ആയുധങ്ങൾ വാഗ്ദാനം ചെയുകയും ചെയ്തു. ജോ ബൈഡന്റെ സന്ദർശനം എല്ലാ ഉക്രൈൻ പൗരന്മാർക്കും പ്രധാനപെട്ടതാണെന്ന് സെലൻസ്‌കി പറഞ്ഞു.2008ന് ശേഷം ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ഉക്രൈൻ സന്ദർശിക്കുന്നത്.