റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് സമ്മാനിച്ച ബഹുമതികള്‍ തിരിച്ചെടുത്ത് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ (ഐ.ജെ.എഫ്). 2008ല്‍ ബഹുമാനാര്‍ഥം അദ്ദേഹത്തിന് സമ്മാനിച്ച അധ്യക്ഷ പദവിയും അംബാസഡര്‍ എന്ന നിലയിലുള്ള അംഗീകാരവുമാണ് ഐ.ജെ.എഫിന്റെ ആഗോള ഭരണസമിതി പിന്‍വലിച്ചത്.
ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി യുക്രെയ്‌നുനേരെ ആക്രമണം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നടപടി. ജൂഡോയില്‍ ഏറെ തല്‍പരനായ പുടിന് 2012ല്‍ ഐ.ജെ.എഫ് എട്ടാമത് ഡാന്‍ പദവി സമ്മാനിച്ചിരുന്നു. റഷ്യയില്‍ ജൂഡോയില്‍ ഈ ഗ്രേഡ് ലഭിക്കുന്ന ആദ്യ വ്യക്തികൂടിയാണ് 69കാരനായ പുടിന്‍.
അതേസമയം, റഷ്യന്‍ അധിനിവേശം അഞ്ചാം ദിനത്തിലേക്ക് കടക്കുകയും കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പോരാട്ടം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരും മണിക്കൂറുകള്‍ നിര്‍ണായകമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രസിഡന്റ് വെളോഡിമര്‍ സെലന്‍സ്‌കി.
ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് യുക്രൈന്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാര്‍കീവില്‍ സൈനിക സാന്നിധ്യം ഉറപ്പിക്കുയും തലസ്ഥാന നഗരമായ കീവിനെ റഷ്യന്‍ സേന വളയുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് യുക്രൈന്‍ പ്രസിഡന്റ് ഇത്തരം ഒരു പ്രതികരണം നടത്തുന്നത്.