ജനപിന്തുണ നഷ്ടപ്പെട്ട് ജസ്റ്റിന്‍ ട്രൂഡോ; 50 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം പ്രധാനമന്ത്രി; പിയേര്‍ പൊളിയേവ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ജനപിന്തുണ ഇടിയുന്നു. കാനഡയിലെ വിപണി ഗവേഷണ സ്ഥാപനമായ ഇപ്‌സോസ് ഗ്ലോബല്‍ ന്യൂസിന് വേണ്ടി തയ്യാറാക്കിയ അഭിപ്രായ സര്‍വേയിലാണ് ട്രൂഡോയ്ക്ക് പിന്തുണ കുറഞ്ഞതായി കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ജസ്റ്റിന്‍ ട്രൂഡോയെ പരാജയപ്പെടുത്തി പിയേര്‍ പൊളിയേവിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

2025ല്‍ ആണ് കാനഡയില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പിയേര്‍ പൊളിയേവിന്റെ ജനപിന്തുണ അഞ്ച് ശതമാനം വര്‍ദ്ധിച്ചതായാണ് സര്‍വേ ഫലം. ജൂലൈയില്‍ നടന്ന മറ്റൊരു അഭിപ്രായ സര്‍വേയില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ അധികാരത്തിലെത്തിയ ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന ഖ്യാതിയും ട്രൂഡോയ്ക്ക് ലഭിച്ചിരുന്നു.

അഭിപ്രായ സര്‍വേയില്‍ 40 ശതമാനവും തിരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രതിപക്ഷ നേതാവ് പിയേര്‍ പൊളിയേവ് പ്രധാനമന്ത്രിയാകണമെന്ന് അനുകൂലിച്ചു. ലിബറല്‍ പാര്‍ട്ടിയുടെ നേതാവ് കൂടിയായ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് 30 ശതമാനം വോട്ടാണ് അഭിപ്രായ സര്‍വേയില്‍ ലഭിച്ചത്. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജഗ്മീത് സിങിന് 22 ശതമാനം വോട്ടാണ് സര്‍വേയില്‍ ലഭിച്ചത്. ഖാലിസ്ഥാനോട് അനുഭാവമുള്ള ഇന്ത്യന്‍ വംശജനാണ് ജഗ്മീത് സിങ്. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി.