ഡെക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ അധിക്ഷേപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിസ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. കമലാ ‘തീവ്ര ഇടതുപക്ഷഭ്രാന്തി’യാണെന്നും അമേരിക്കയെ ഭരിക്കാന്‍ യോഗ്യയല്ലെന്നും നവംബര്‍ അഞ്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കമലയെ തള്ളിക്കളയുമെന്നും ട്രംപ് നിര്‍ദേശിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം പ്രസിഡന്റ് ജോ ബൈഡന്‍ ഒഴിയുകയും പകരക്കാരിയായി കമല എത്തുകയുംചെയ്തശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ ആദ്യ തിരഞ്ഞെടുപ്പുപ്രചാരണയോഗത്തിലാണ് ട്രംപിന്റെ അധിഷേപം.
ഭരണത്തിലേറാന്‍ അവസരം ലഭിച്ചാല്‍ തീവ്ര ഇടതുപക്ഷചിന്താഗതിക്കാരിയാവയ കമല, രാജ്യത്തെ നശിപ്പിക്കുമെന്നും അത് സംഭവിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
മൂന്നരക്കൊല്ലം ബൈഡന്‍ കാണിച്ചുകൂട്ടിയ ഓരോ ദുരന്തത്തിന്റെയും പ്രേരകശക്തിയാണ് കമല. അവര്‍ തൊടുന്നതെല്ലാം ദുരന്തമായിമാറുമെന്നും അദ്ദേഹം ആക്ഷേപിച്ചു. ബൈഡനെ മുന്‍പ് ‘ഉറക്കംതൂങ്ങി ജോ’ എന്നുവിളിച്ച അദ്ദേഹം, കമലയ്ക്ക് ‘കള്ളിക്കമല’ എന്നപേരും നല്‍കി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പതറിയതോടെ ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡന്‍ പറയുന്നു.
നവംബറിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് പകരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിട്ടുള്ളത്. യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.