ഹമാസിനെതിരെ ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്. ഹമാസിനെതിരെയുള്ള അമേരിക്കയുടെ നിലപാടില്‍ ഒരു മാറ്റവുമില്ല. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും നിലപാടില്‍ താന്‍ ഒരു മാറ്റവും വരുത്തില്ലെന്നും കമല ഹാരിസ് വ്യക്തമാക്കി.
ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ നിരപരാധികളായ ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതില്‍ ആശങ്കയുണ്ട്. ഈ യുദ്ധം അവസാനിക്കണം. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാകണം. ബന്ദികളെ മോചിപ്പിക്കണമെന്നും കമല ഹാരിസ് പറഞ്ഞു.
അതേസമയം, ഇസ്രയേല്‍ വെസ്റ്റ്ബാങ്ക് ആക്രമണത്തില്‍നിന്ന് പിന്മാറണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടതിനിടയില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ രണ്ടാം ദിവസത്തെ ആക്രമണത്തില്‍ അഞ്ച് പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലുമായുള്ള അതിര്‍ത്തിക്കടുത്തുള്ള തുല്‍ക്കറിലുള്ള പള്ളിക്കുള്ളില്‍ ഒളിച്ചിരിക്കുന്ന അഞ്ച് ‘ഭീകരാണ്’ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്.) പറഞ്ഞു.
ബുധനാഴ്ച മുതലാണ് വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്.
യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടെറസ് ഇസ്രയേല്‍ ആക്രമണം ഉടനടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.
സ്ഫോടനാത്മകമായ സാഹചര്യത്തിന് ഇന്ധനം പകരരുത്. പരമാവധി സംയമനം പാലിക്കണമെന്നും അത് കര്‍ശനമായി ഒഴിവാക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ മാത്രം മാരകമായ ബലപ്രയോഗം നടത്താവുള്ളൂവെന്നും അദ്ദേഹം ഇസ്രയേലി സേനയോട് അഭ്യര്‍ഥിച്ചു.തുല്‍ക്കറില്‍ നടന്ന വെടിവയ്പ്പിനുശേഷമാണ് അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടതെന്ന് ഐ.ഡി.എഫ്. പറഞ്ഞത്.പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് തീവ്രവാദി ഗ്രൂപ്പിന്റെ പിന്തുണയുള്ള തുല്‍ക്കരെം ബ്രിഗേഡിന്റെ പ്രാദേശിക നേതാവ് അബു ഷുജാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് ജാബറാണ് കൊല്ലപ്പട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞു.
ഇസ്രയേലികള്‍ക്കെതിരായ നിരവധി ആക്രമണങ്ങളുമായി ജാബറിന് ബന്ധമുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഐ.ഡി.എഫ്. പറഞ്ഞു. ജെനിനില്‍ നഗരത്തിലെ അഭയാര്‍ഥി ക്യാമ്പില്‍ സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്. ഈ ക്യാമ്പ് സായുധ സംഘങ്ങളുടെ താവളമാണെന്നാണ് ആരോപിക്കപ്പെടുന്നത്. മുമ്പ് നിരവധി ക്രൂരമായ യുദ്ധങ്ങള്‍ക്ക് ക്യാമ്പ് വേദിയായിട്ടുണ്ട്.