കമുറി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം. ടിസോയി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കമുറി ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ പതിമടങ്ങ് ശക്തി പ്രാപിക്കുമെന്നാണ് നിഗമനം. ആല്‍ബെ പ്രവിശ്യയില്‍ നിന്നു മാത്രം ഒരു ലക്ഷത്തോളം പേരെയാണ് നിലവില്‍ ഒഴിപ്പിച്ചത്. താമസസ്ഥലത്തു നിന്ന് ഒഴിയാന്‍ തയ്യാറാകാത്തവരെ ബലം പ്രയോഗിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
തെക്കന്‍ ലുസോണില്‍ കമുറി ചുഴലിക്കാറ്റിന്റെ ഫലമായി 20 മുതല്‍ 30 വരെ സെന്റിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 150 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ 185 മുതല്‍ 200 വരെ കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നാണ് നിഗമനം. ഫിലിപ്പീന്‍സില്‍ വ്യാപകമായ മണ്ണിടിച്ചിലിനും കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാനിര്‍ദ്ദേശം നല്‍കി.
ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന സൂചനകളെ തുടര്‍ന്ന് തിങ്കളാഴ്ച രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. പ്രമുഖ എയര്‍ലൈന്‍സ് സെബു പസഫിക് നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. 2019 ഡിസംബര്‍ 11-ന് നടക്കാനിരിക്കുന്ന സൗത്ത്- ഈസ്റ്റ് ഏഷ്യന്‍ ഗെയിംസിന്റെ നടത്തിപ്പും പ്രതിസന്ധിയിലായി. 11 രാജ്യങ്ങളില്‍ നിന്ന് 8000 ത്തോളം അത് ലറ്റുകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.