ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനുനേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ അക്രമം. അമൃത്പാല്‍ സിംഗിനെതിരായ നടപടികളില്‍ പ്രതിഷേധിച്ച ജനക്കൂട്ടം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഓഫീസിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന ദേശീയ പതാക അഴിച്ചുമാറ്റി.
വാരിസ് പഞ്ചാബ് ദേ തലവനായ അമൃത്പാല്‍ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ലണ്ടനില്‍ ഒരു സംഘം പ്രതിഷേധം നടത്തിയത്. ഇതിനിടെയാണ് ഹൈക്കമീഷന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയ ഒരാള്‍ ഇന്ത്യന്‍ പതാക അഴിച്ചുമാറ്റിയത്.
സംഭവമറിഞ്ഞയുടന്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ബ്രിട്ടീഷ് വിദേശകാര്യവകുപ്പ് തലവനെ ഓഫീസിലേക്ക് വിളിപ്പിച്ച് ശക്തമായ പ്രതിഷേധമറിയിച്ചു. സുരക്ഷാവീഴ്ചയില്‍ വിശദീകരണം തേടിയ ഇന്ത്യ, അലംഭാവം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു.
ലണ്ടനില്‍ നടന്നത് പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു.