റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ സമ്മാനിച്ച ലിമോസിന്‍ കാറിനെ പുകഴ്ത്തി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കാറിന്റെ സവിശേഷതകളെ കുറിച്ച് പ്രസിഡന്റ് പ്രത്യേകം പരാമര്‍ശിച്ചതായും കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാകുന്നുവെന്നും കിം യോ ജോങ് വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഉത്തര കൊറിയന്‍ പ്രസിഡന്റിന് ലിമോസിന്‍ കാര്‍ സമ്മാനിച്ചത്. പുടിന്‍ സമ്മനിച്ച അത്യാഢംബര ഓറസ് സെനറ്റ് ലിമോസിന്‍ കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്ക് ഉപയോഗിച്ചിരുന്നതായും ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ തെളിവാണ് കാറെന്നും കിം യോ ജോങ് പറഞ്ഞു.
ഐക്യരാഷ്ട്രസഭ നേരത്തെ ഉത്തര കൊറിയയിലേക്കുള്ള ആഡംബര വസ്തുക്കളുടെ കയറ്റുമതിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആണവായുധ പദ്ധതി ഉപേക്ഷിക്കാന്‍ ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ വ്‌ളാഡിമര്‍ പുടിന്റെ സമ്മാനം ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തിന്‍മേലുള്ള ലംഘനമായാണ് വിലയിരുത്തുന്നത്.