''എന്റെ മേശപ്പുറത്ത് ന്യൂക്ലിയര്‍ ബോംബിന്റെ ബട്ടണുണ്ട്, സൂക്ഷിച്ചോ''; അമേരിക്കയെ വീണ്ടും ഭീഷണിപ്പെടുത്ത് കിം ജോങ്‌

അമേരിക്കക്കെതിരെ വീണ്ടും ഭീഷണിയുയര്‍ത്തി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. തന്റെ മേശപ്പുറത്ത് ആണവ ആയുധ വിക്ഷേപണത്തിനായുള്ള ബട്ടണ്‍ ഉണ്ടെന്നാണ് കിമ്മിന്റെ ഭീഷണി. പുതുവത്സരത്തെ വരവേറ്റുകൊണ്ടുള്ള പ്രസംഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്. ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍ ചാനലാണ് അദ്ദേഹത്തിന്റെ പ്രസംഗം പുറത്തുവിട്ടത്.

“”എന്റെ മേശപ്പുറത്ത് ആണവായുധങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ന്യൂക്ലിയര്‍ ബട്ടണുണ്ടെന്ന് അമേരിക്ക മനസിലാക്കുക. അമേരിക്കയുടെ എല്ലാ ഭാഗവും ഞങ്ങളുടെ ആണവായുധങ്ങളുടെ ദൂരപരിധിയിലാണ്. . എനിക്കെതിരേയോ എന്റെ രാജ്യത്തിനെതിരേയോ അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല”” കിം പറഞ്ഞു. ആണവായുധ ശേഖരം വെറും ഭീഷണിയല്ല, യാഥാര്‍ത്ഥ്യമാണെന്നും കിം കൂട്ടിച്ചേര്‍ത്തു.

യുദ്ധ ഭീഷണി മുഴക്കുന്ന കൂട്ടത്തില്‍ ദക്ഷിണ കൊറിയയില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സിന് ആശംസകള്‍ നേരാനും കിം മറന്നില്ല. വിന്റര്‍ ഒളിമ്പിക്സിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും തങ്ങളുടെ രാജ്യത്ത് നിന്ന് മികച്ച കായിക സംഘം മത്സരത്തില്‍ പങ്കെടുക്കുമെന്നും കിം പറഞ്ഞു. അതിനായി ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്ക് താല്‍പര്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.