കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലെ തീപിടുത്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈറ്റ് ഭരണകൂടം; ഇന്ത്യന്‍ എംബസി വഴി കൈമാറും

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കുവൈറ്റ് ഭരണകൂടം. 12.5 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രവാസി മലയാളി കെ.ജി.ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസ സ്ഥലത്തുണ്ടാ തീപിടിത്തത്തില്‍ 25 മലയാളികള്‍ ഉള്‍പ്പെടെ അമ്പതുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസി വഴിയായിരിക്കും ധനസഹായം കൈമാറുക.

അതേസമയം, കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം അടുത്തയാഴ്ച തുടങ്ങും.

മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് നോര്‍ക്ക മുഖേന നല്‍കുക. തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ നോര്‍ക്ക തയ്യാറാക്കി വരികയാണ്.

പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചാലുടന്‍ ധനവകുപ്പ് തുക അനുവദിക്കും. മരിച്ചവരുടെ ആശ്രിതര്‍ക്കായിരിക്കും ആദ്യം സഹായം നല്‍കുക. പരിക്കേറ്റവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങി. പ്രത്യേക നടപടിക്രമങ്ങള്‍ രൂപീകരിച്ച് അതുപ്രകാരമായിരിക്കും പണം വിതരണം ചെയ്യുക.