മാലദ്വീപ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തിലേക്ക്; ഇന്ത്യ വിരുദ്ധ നിലപാടുകള്‍ ശരിവച്ച് ജനവിധി

മാലദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് (പിഎന്‍സി) പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 90 സീറ്റുകളില്‍ 86 സീറ്റുകളിലെ ഫലം വന്നപ്പോൾ 66 എണ്ണത്തിലും പിഎന്‍സി വിജയം ഉറപ്പിച്ചെന്ന് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാല്‍ ഫലപ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് ഒരാഴ്ചയോളം എടുക്കും. മെയ് ആദ്യത്തിലായിരിക്കും പുതിയ അസംബ്ലി പ്രാബല്യത്തില്‍ വരിക. പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി)ക്ക് 10 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 9 സീറ്റുകളില്‍ സ്വതന്ത്രര്‍ക്കാണ് മുന്നേറ്റമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി) നേതാവായ മുയിസു അധികാരത്തിലെത്തിയത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ സര്‍ക്കാരിന് ജനപിന്തുണയുണ്ടെന്ന് ഉറപ്പിക്കുന്നതു കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. മുഹമ്മദ് മുയിസുവിന്റെ വിദേശ നയം ജനം സ്വീകരിക്കുമോ എന്നതുകൂടിയാണ് തിരഞ്ഞെടുപ്പില്‍ പരിശോധിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇന്ത്യക്കും ചൈനക്കും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം.

മുയിസു കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകളുണ്ടായത്. മാലദ്വീപിലുള്ള മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. നീണ്ട ചർച്ചകൾക്കൊടുവിൽ, മേയ് പത്തോടെ മുഴുവൻ സൈനികരെയും പിൻവലിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻസൈനികരിലെ ആദ്യസംഘം മാലദ്വീപിൽനിന്ന് മടങ്ങുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നുമന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളും ബന്ധം വഷളാക്കി. മാലദ്വീപ് ഭരണാധികാരികൾ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യ ആയിരുന്നു. ഈ കീഴ്‌വഴക്കവും മുയിസു തെറ്റിച്ചു. യുഎഇ സന്ദർശനത്തിനുപിന്നാലെ ചൈനയിലേക്ക് മുയിസു പോയി. ചൈനയുമായി ഒട്ടേറെ വിഷയങ്ങളിൽ നിർണായക കരാറുകളുണ്ടാക്കുകയും ചെയ്തു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഘലയാണ് മാലദ്വീപ്. വിനോദസഞ്ചാരം, രാജ്യാന്തരകപ്പല്‍ച്ചാലിന്റെ സാന്നിധ്യം തുടങ്ങിയ നിരവധി പ്രാധാന്യങ്ങള്‍ മാലദ്വീപിനുണ്ട്. ഇന്ത്യ- ചൈന ഭൗമരാഷ്ട്രീയ ഭൂപടത്തിലും മാലദ്വീപിന് നിര്‍ണായക സ്ഥാനമാണുള്ളത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ