കനത്ത മഴയക്കും കാറ്റിനും പിന്നാലെ ഈജിപ്തിലെ തെക്കൻ നഗരമായ അസ്‌വാനിലെ തെരുവുകളിൽ ജീവന് ഭീഷണിയായി തേളുകളുടെ ആക്രമണം. തേളുകളുടെ കുത്തേറ്റ് മൂന്ന് പേർ മരിക്കുകയും 450ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്തെ ആശുപത്രികൾ അതീവ ജാഗ്രതയിലാണ്. ശ്വാസതടസ്സം, പേശികളിൽ വേദന എന്നീ ലക്ഷണങ്ങളാണ് തേളിന്റെ കുത്തേറ്റ ആളുകൾക്ക് അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച്ച ഉണ്ടായ കനത്ത മഴയിലും കാറ്റിലും മാളങ്ങൾ മൂടപ്പെടുകയും വെള്ളം കുത്തി ഒലിക്കുകയും ചെയ്തതോടെ തേളുകൾ കൂട്ടമായി തെരുവുകളിലേയ്ക്കും വീടുകളിലേയ്ക്കും ഒഴുകിയെത്തുകയായിരുന്നു. മനുഷ്യനെക്കൊല്ലി എന്നറിയപ്പെടുന്ന ഫാറ്റ്‌ടെയ്ൽഡ് തേളുകളാണ് കൂട്ടമായി തെരുവുകളിലേയ്ക്ക് ഇറങ്ങിയിരിക്കുന്നത്. ആളുകൾ വീട്ടിൽത്തന്നെ കഴിയണമെന്നും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്നും ഗവർണർ അഷ്‌റഫ് ആട്ടിയ നിർദേശം നൽകി.
ആൻഡ്രോക്‌ടോണസ് ജനുസ്സിൽ പെടുന്ന ഈ തേളുകളുടെ പ്രധാന വാസസ്ഥലം ഈജിപ്താണ്. ലോകത്തിലെ ഏറ്റവും വിഷം കൂടിയ തേളുകളാണിവ. ഇവയുടെ കുത്തേറ്റാൽ ഒരു മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കണം. കുത്തേറ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ ജീവനെടുക്കാനുള്ള ശേഷി ഇവയുടെ വിഷത്തിനുണ്ട്. ഏകദേശം 1,500 ഇനത്തിലുള്ള തേളുകൾ ലോകത്തിലുണ്ട്. അതിൽ 25 ഇനത്തിലുള്ളവ മാത്രമേ മനുഷ്യർക്ക് അപകടമുണ്ടാക്കുന്നുള്ളൂ.
പ്രാണികളും ചിലന്തികളുംമാണ് ആണ് സാധാരണയായി ഇവയുടെ ഭക്ഷണം. ഇന്ത്യ, ഇസ്രയേൽ, ലെബനൻ തുർക്കി, സൗദി അറേബ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ ഇവയുടെ കാണപ്പെടാറുണ്ട്. എല്ലാ വർഷവും ഒട്ടേറെപ്പേർ ഇത്തരം ആളെക്കൊല്ലി തേളുകളുടെ ആക്രമണത്തിന് ഇരയായി മരിക്കുന്നു.