നിത്യാനന്ദയുടെ 'ഹര്‍ എക്സലന്‍സി'; ബലാത്സംഗക്കേസ് പ്രതിക്കായി യുഎന്നില്‍ വാദിച്ച വനിത; കൈലാസത്തിലെ നയതന്ത്രജ്ഞ; അറിയാം മാ വിജയപ്രിയ നിത്യാനന്ദയെ

ബലാത്സംഗക്കേസ് പ്രതിയും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ തമിഴ്‌നാട് സ്വദേശി നിത്യാനന്ദ പരമശിവം സ്ഥാപിച്ച സാങ്കല്‍പിക ഹിന്ദു രാഷ്ട്രമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ. കൈലാസയുടെ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ പങ്കെടുത്ത ഒരു വനിത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലടക്കം ശ്രദ്ധ നേടിയിരുന്നു. കാവിയും ചുവപ്പും നിറത്തിലുള്ള സാരിയുടുത്ത്, സ്വര്‍ണാഭരണങ്ങളും അണിഞ്ഞ് ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ ‘മാ വിജയപ്രിയ നിത്യാനന്ദ’ എന്ന വനിതയാണ് പങ്കെടുത്ത് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. യുഎന്‍ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള സമിതി യോഗത്തില്‍ പങ്കെടുക്കുകയും പ്രസംഗം നടത്തുകയും ചെയ്ത വിജയപ്രിയ ആരാണെന്ന അന്വേഷണത്തിലായിരുന്നു എല്ലാവരും.

വിജയപ്രിയയുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം, കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് അവര്‍ ബിരുദം നേടിയിട്ടുണ്ട്. 2014-ല്‍ മാനിറ്റോബ സര്‍വകലാശാലയില്‍ നിന്ന് മൈക്രോബയോളജിയില്‍ ബിരുദവും നേടിയിട്ടുണ്ട്. വിജയപ്രിയയ്ക്ക് മാതൃഭാഷയായ ക്രിയോള്‍സ് ഭാഷയും പിജിന്‍സ് ഭാഷയും നന്നായി അറിയാം. കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രാവീണ്യവുമുണ്ട്. പഠനകാലത്ത് മികച്ച അക്കാദമിക് പ്രകടനത്തിന് സര്‍വകലാശാലാ ദീനിന്റെ ബഹുമതിയും നേടിയിട്ടുണ്ടെന്നാണ് വിജയപ്രിയ അവകാശപ്പെടുന്നത്.

2013, 2014 എന്നീ വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര ബിരുദ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് നേടിയതായും ലിങ്ക്ഡ്ഇനില്‍ പറയുന്നു. നിത്യാനന്ദയുടെ പോസ്റ്റുകളില്‍ വിജയപ്രിയയെ ‘ഹര്‍ എക്സലന്‍സി’ എന്നാണ് വിശേഷിപ്പിക്കുന്നത്. നിത്യാനന്ദയുടെ സാങ്കല്‍പിക രാജ്യമായ കൈലാസത്തിലെ നയതന്ത്രജ്ഞയാണ് മാ വിജയപ്രിയ. അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലാണ് വിജയപ്രിയ താമസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൈലാസയുടെ ഔദ്യോഗിക വെബ്സെറ്റ് അനുസരിച്ച് കൈലാസത്തിന് വേണ്ടി അന്താരാഷ്ട്ര സംഘടനകളുമായി കരാറുകാര്‍ക്ക് നേതൃത്വം നല്‍കുകയാണ് വിജയപ്രിയ ചെയ്യുന്നത്.

ഐക്യരാഷ്ട്രസഭാ യോഗത്തിനിടെ വിജയപ്രിയ നിരവധി രാജ്യങ്ങളുടെ പ്രതിനിധികളെ കാണുകയും അവരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചില കരാറുകളില്‍ ഒപ്പു വെക്കുന്ന വിജയപ്രിയയെയും വാര്‍ത്തകളില്‍ കണ്ടിരുന്നു. 150 ഓളം രാജ്യങ്ങളില്‍ കൈലാസത്തിന് സ്വന്തമായി എംബസിയും എന്‍ജിയോകളും ഉണ്ടെന്നാണ് വിജയപ്രിയ അവകാശപ്പെടുന്നത്. തന്റെ ജീവിതത്തിന്റെ ഉറവിടം എന്നാണ് വിജയപ്രിയ നിത്യാനന്ദയെ വിശേഷിപ്പിച്ചത്. താന്‍ കൈലാസത്തെയോ നിത്യാനന്ദയേയോ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും വിജയപ്രിയ കൂട്ടിച്ചേര്‍ത്തു.

ഹിന്ദു സമൂഹത്തിന്റെ പരമോന്നത മഹാഗുരുവും ഹിന്ദുമതത്തിന്റെ പരമാധികാര രാഷ്ട്രം സ്ഥാപിച്ച നിത്യാനന്ദ പരമശിവത്തെ മാതൃരാജ്യത്ത് നിന്ന് നാടുകടത്തിയെന്നും അദ്ദേഹത്തെ ഇപ്പോള്‍ ചിലര്‍ വേട്ടയാടയുകയാണെന്നും വിജയപ്രിയ ആരോപിച്ചു. നിത്യാനന്ദയ്ക്ക് നേരെയും കൈലാസത്തിലെ ഇരുപത് ലക്ഷം വരുന്ന ഹിന്ദുക്കള്‍ക്കും നേരെയുള്ള പീഡനം തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് അവര്‍ ചോദ്യം ഉന്നയിച്ചു.

എന്നാല്‍ നിത്യാനന്ദയുടെ സംഘടന നല്‍കുന്ന വിവരങ്ങള്‍ പരിഗണിക്കപ്പെടില്ല എന്നാണ് ഐക്യരാഷ്ട്ര സഭ വിജയപ്രിയയ്ക്ക് മറുപടി നല്‍കിയത്. ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ വിജയപ്രിയയെ കൂടാതെ കൈലാസത്തില്‍ നിന്നും അഞ്ച് സ്ത്രീകള്‍ കൂടി പങ്കെടുത്തിരുന്നു. കൈലാസ മേധാവി മുക്തികാ ആനന്ദ്, കൈലാസ സന്യാസി ലൂയിസ് ചീഫ് സോന കാമത്ത്, കൈലാസ യുകെ മേധാവി നിത്യ ആത്മദായകി, കൈലാസ ഫ്രാന്‍സ് മേധാവി നിത്യ വെങ്കിടേശാനന്ദ, കൈലാസ സ്ലോവേനിയന്‍ പ്രതിനിധി മാ പ്രിയമ്പര നിത്യാനന്ദ എന്നിവരാണ് കൈലാസയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത മറ്റ് സ്ത്രീകള്‍.

ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ 19-മത് സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ സംബന്ധിച്ച സമിതിയുടെ യോഗത്തിന്റെ 73-മത്തെ സെഷനിലാണ് മാ വിജയപ്രിയ , നിത്യാനന്ദ പരമശിവം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞത്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ബലാത്സംഗം, പീഡനം , തട്ടിക്കൊണ്ടു പോകല്‍ , കുട്ടികളെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങി ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളിലെ മുഖ്യപ്രതിയാണ് നിത്യാനന്ദ പരമശിവം. നിത്യാനന്ദ 2019 നവംബറിലാണ് ഇന്ത്യയില്‍നിന്ന് മുങ്ങിയത്. തുടര്‍ന്ന്, ഇക്വഡോറിനുസമീപമുള്ള ദ്വീപിലാണ് ‘കൈലാസ റിപ്പബ്‌ളിക്’ സ്ഥാപിച്ചത്. ഇതിനുശേഷം ‘കൈലാസ’ എന്ന സാങ്കല്‍പിക രാജ്യം സ്ഥാപിച്ചു. കൈലാസയില്‍ സ്വന്തമായി റിസര്‍ ബാങ്ക് പടുത്തുയര്‍ത്തിയെന്നും ‘കൈലേഷ്യ ഡോളര്‍’ എന്ന കറന്‍സി ഇറക്കിയെന്നുമാണ് നിത്യാനന്ദയുടെ അവകാശവാദം .