2024 ൽ ലോകത്തെ ഇളക്കിമറിച്ച സംഭവ വികാസങ്ങൾ; കാത്തിരിക്കുന്നത് മൂന്നാം ലോകയുദ്ധമോ?

2025 ൽ ഒരു മൂന്നാം ലോകയുദ്ധം ഉണ്ടാകുവാൻ തക്കവണ്ണമുള്ള സംഭവ വികാസങ്ങൾക്കാണ് 2024 ൽ ലോകം സാക്ഷ്യം വഹിച്ചത്. അത്രയേറെ യുദ്ധങ്ങളും സംഘർഷങ്ങളും ലോകത്താകമാനം നടന്നുകൊണ്ടരിക്കുകയാണ്. ഒരു മൂന്നാം ലോക യുദ്ധത്തിനുള്ള സാധ്യത ഉടലെടുക്കുന്ന സാഹചര്യമാണ് പശ്ചിമേഷ്യ ഉൾപ്പെടയുള്ള രാജ്യങ്ങളിൽ നിലവിലുള്ളത്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ കൊണ്ടും അഭ്യന്തര കലാപങ്ങൾ കൊണ്ടും കാലാവസ്ഥ ദുരന്തങ്ങൾ കൊണ്ടുമൊക്കെ കലുഷിതമായിരുന്ന 2024 ലെ ലോകത്തെ പ്രധാനപ്പെട്ട സംഭവ വികസങ്ങൾ എന്തോക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

2024 ജനുവരി ഒന്നിന് പുതുവത്സരദിനത്തിൽ ലോകം ഉണർന്നത് ജപ്പാനിലെ ഭൂചലന വാർത്ത കേട്ടാണ്. നോട്ടോ പെനിൻസുല ഭൂകമ്പം എന്ന് പേരിട്ട പ്രകൃതി ദുരന്തത്തിൽ 250 പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നീടുള്ള മാസങ്ങളിലും ലോകമെമ്പാടും പ്രകൃതി ദുരന്തങ്ങൾ നാശം വിതക്കുന്ന കാഴ്ചയാണ് നാം കണ്ടത്.

മാർച്ച്- ഏപ്രിൽ മാസങ്ങളിൽ, അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി അപ്രതീക്ഷിതമായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആയിരത്തോളം പേർ മരിച്ചു. മെയ് മാസത്തിൽ ബ്രസീലിൽ രാജ്യം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വരണ്ടുണങ്ങിയ അഫ്ഗാനിസ്ഥാൻ നിരവധി മരണങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ഏപ്രിലിൽ കെനിയയിലും ടാൻസാനിയയിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ മുന്നൂറോളം പേർ മരിക്കുകയും ലക്ഷങ്ങൾ പലായനം ചെയുകയും ചെയ്തു. മെയ് മാസത്തിൽ പപ്പുവ ന്യൂ ഗ്വിനിയയിലുണ്ടായ മണ്ണിടിച്ചിലിൽ 2,000 പേരാണ് ജീവനോടെ കുഴിച്ചുമൂടപ്പെട്ടത്. 2024ൽ പ്രകൃതി താണ്ഡവമാടിയതിന്റെ നേർ ദൃശ്യങ്ങൾ നമ്മൾ ഇങ്ങു കേരളത്തിലും കണ്ടതാണ്.

2024 ലോകമെമ്പാടും തിരഞ്ഞെടുപ്പിൻ്റെ വർഷം കൂടിയായിരുന്നു. യുകെയിൽ കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ട് ലേബർ പാർട്ടി അധികാരത്തിൽ വന്നു. ഋഷി സുനക് പ്രധാനമന്ത്രി പദത്തിൽ നിന്ന് ഇറങ്ങുകയും കെയർ സ്റ്റാർമർ അധികാരമേൽക്കുകയും ചെയ്തു.

ഫ്രാൻസിലാകട്ടെ രാഷ്ട്രീയ നാടകങ്ങളുടെ നീണ്ട നിര തന്നെയായിരുന്നു. ഫ്രാൻസ് റിപ്പബ്ലിക്കിൽ 91 ദിവസം മാത്രം തികച്ച് ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായ മൈക്കൽ ബാർനിയർ മാറിയപ്പോൾ, 12 മാസത്തിനുള്ളിൽ ഫ്രാൻസിന് നാല് പ്രധാനമന്ത്രിമാരാണ് ഉണ്ടായത്. ജർമ്മനിയിൽ, ചാൻസലർ ഒലാഫ് ഷോൾസിൻ്റെ സർക്കാർ അവിശ്വാസ വോട്ടിൽ പരാജയപ്പെട്ടു, ഫെബ്രുവരി 23 ന് ഇവിടെ തിരഞ്ഞെടുപ്പ് നടക്കും.

നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ശ്രീലങ്കയെ ചുവപ്പിച്ചുകൊണ്ട് മാർക്സിസ്റ്റ് അനുര കുമാര ദിസനായകെ അധികാരത്തിലേറിയതും ലോകം ഉറ്റുനോക്കിയതാണ്. 2022ൽ അന്നത്തെ പ്രസിഡൻ്റ് രാജപക്‌സെയെ പുറത്താക്കി നടന്ന ജനകീയ കലാപത്തിനും പിന്നാലെ രാജ്യം അഭിമുഖീകരിച്ച അരക്ഷിതാവസ്ഥയ്ക്കും ഇതോടെ പരിഹാരമായി.

പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ഈ വർഷവും തുടർന്നുകൊണ്ടിരുന്നു. ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഷെഹ്ബാസ് ഷെരീഫിൻ്റെ കീഴിൽ സർക്കാർ രൂപീകരിക്കാൻ കൈകോർത്തു. പിടിഐയുടെ പ്രതിഷേധവും അടിച്ചമർത്തലുകളും പാകിസ്ഥാനിൽ തുടരുകയാണ്. ഇമ്രാൻ ഖാന്റെയും ഭാര്യ ബുഷ്‌റ ബീബിയുടെ പേരിലുള്ള കേസുകളുടെ എണ്ണവും ഇതോടൊപ്പം വർധിക്കുന്നുണ്ട്. ഖാനെതിരെയുള്ള കേസുകളുടെ എണ്ണം ഇപ്പോൾ 188 ആണ്.

ഇനി ഇന്ത്യയിലേക്ക് വന്നാൽ ഏപ്രിൽ- മെയ് മാസങ്ങളിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി മൂന്നാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ലോക്‌സഭയ്ക്ക് പ്രതിപക്ഷ നേതാവിനെ ലഭിച്ചു. എന്നാൽ അതിനിടയിൽ നടന്ന മണിപ്പൂർ കലാപവും കർഷക പ്രക്ഷോഭവും ലോക ശ്രദ്ധ പിടിച്ചുപറ്റി.

ലോകത്ത് ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന വനിതാ രാഷ്ട്ര മേധാവിയുടെ പ്രാണരക്ഷാർത്ഥം രാജ്യം വിട്ടുള്ള പലായനം കൂടി കണ്ട വർഷമാണ് 2024. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ആടിയുലഞ്ഞ ബംഗ്ലാദേശിൽ നിന്നും പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത് ആഗസ്റ്റ് 5 നായിരുന്നു. 19 വധശ്രമങ്ങൾ അതിജീവിച്ച ‘മനുഷ്യത്വത്തിന്റെ മാതാവ്’ എന്ന് അണികൾ വിശേഷിപ്പിക്കുന്ന ഷെയ്ഖ് ഹസീന ഈ വർഷം ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ അഞ്ചാം തവണയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയെങ്കിലും ഈ വർഷം തന്നെ സ്വന്തം രാജ്യത്തെ ഉപേക്ഷിച്ചവർക്ക് പലായനം ചെയ്യേണ്ടിവന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ നൽകുന്ന സംവരന്നതേ തുടർന്നുണ്ടായ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ചതാണ് ഹസീനയെയും അവരുടെ രാഷ്ട്രീയ ജീവിതത്തെയും തകർത്തത്. ബംഗ്ലാദേശിൽ ഉയർന്നു വന്ന മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെയും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിൻ്റെയും സമ്മർദ്ദത്തിലാണ് നിലവിലുള്ളത്. അതിനാൽ തന്നെ ബംഗ്ലാദേശിൽ ഇനി എന്ത് എന്നുള്ളത് ചോദ്യം തന്നെയാണ്.

സ്റ്റാർലൈനർ പേടകത്തിന്റെ തകരാറിനെ തുടർന്ന് ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസും ബുഷ് വിൽമോറും ഈ വർഷമുടനീളം ചർച്ചകളിൽ നിറഞ്ഞവരാണ്. ഈ വർഷം ജൂണിലാണ് സുനിതയും ബുഷ് വിൽമോറും 10 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയത്. ഇവർ പോയ സ്റ്റാർലൈനർ പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതോടെ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. ബഹിരാകാശ നിലയത്തിലെ അപ്രതീക്ഷിതമായ തങ്ങൽ സുനിതയുടെ ആരോഗ്യസ്ഥിതി വഷളാക്കിയതായി വാർത്തകൾ പുറത്തുവന്നെങ്കിലും അവർ ബഹിരാകാശത്ത് നിന്ന് നടത്തിയ വാർത്താ സമ്മേളനവും ക്രിസ്മസ് ആഘോഷവുമൊക്കെ ഏവരിലും കൗതുകമുയർത്തി. ഫെബ്രുവരിയിൽ ഇവരുടെ മടക്കു യാത്ര പ്ലാൻ ചെയ്തിരുന്നെങ്കിലും യാത്ര നീളുമെന്നാണ് നാസ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരം. എന്തായലും ഇരുവരും ഭൂമിയിൽ തിരികെ എന്നെത്തുമെന്നുള്ളതും ബഹിരാകാശത്ത് നടക്കാൻ പോകുന്ന തുടർ സംഭവ വികസങ്ങളുമൊക്കെ 2025ൽ കാണാം.

ഡൊണാൾഡ് ട്രംപിൻ്റെ തിരിച്ചുവരവിൻ്റെ വർഷമായി കൂടി 2024 ഓർമ്മിക്കപ്പെടും. അമേരിക്കയുടെ ചരിത്രത്തിൽ എംപീച്ച് ചെയ്യപ്പെട്ട തിരിച്ചെത്തിയ പ്രസിഡന്റായി മാറുകയായിരുന്നു ട്രംപ്. ക്രിമിനൽ കേസുകളുടെ ഒരു പരമ്പരയെ തന്നെ അഭിമുഖീകരിച്ച ശേഷം പ്രസിഡന്റ് സ്ഥാനാർത്ഥിയാവുകയും, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന വെടിവെപ്പിൽ പരിക്കേൽക്കുകയും ഒടുവിൽ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുകയും ചെയ്തു ട്രംപ്. ആദ്യത്തെ വനിത യുഎസ് പ്രസിഡന്റിനായി ആകാംഷയോടെ ലോകം കാത്തിരുന്നെങ്കിലും ട്രംപിന് മുൻപിൽ കമല ഹാരിസ് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ജനുവരി 20ന് അധികാരമേറ്റെടുക്കുന്ന ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ, ജെൻഡർ നയങ്ങൾ ഉൾപ്പെടെയുള്ളവ രാജ്യത്തെയും ലോക ജനതയെയും ഏതൊക്കെ തരത്തിൽ ബാധിക്കും എന്നതാണ് അടുത്ത വർഷം ലോകം ഉറ്റുനോക്കുന്നത്.

2022 ൽ ആരംഭിച്ച റഷ്യ- യുക്രൈൻ യുദ്ധം 2024 നവംബർ 19ന് 1000 ദിവസങ്ങൾ പിന്നിട്ടു. യുക്രെയ്ൻ യുദ്ധം ഈ വർഷം തലക്കെട്ടുകളിൽ നിന്ന് അപ്രത്യക്ഷമായിരുന്നെങ്കിലും സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, റഷ്യയ്‌ക്കെതിരെ യുഎസ് വിതരണം ചെയ്യുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈൻ അനുമതി നൽകിയത് ലോക ജനത ഭയത്തോടെ ഉറ്റുനോക്കിയ തീരുമാനം ആയിരുന്നു.

അതേസമയം യുക്രെയിനിലേക്കുള്ള യുഎസിൻ്റെ ആയുധവിതരണം നിർത്തലാക്കുമെന്ന് നിയുകത യുഎസ് പ്രസിഡന്റ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു. സാധ്യമായ സമാധാന കരാറിനെക്കുറിച്ചുള്ള ചർച്ചകൾ വർഷം മുഴുവനും രസഹ്യ- യുക്രൈൻ യുദ്ധത്തിൽ നടന്നുവെങ്കിലും ഒന്നും ഫലം അകണ്ടില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. യുക്രൈൻ ശൈത്യകാലത്തിലേക്ക് കടക്കുമ്പോൾ പുതുവർഷത്തിൽ രാജ്യത്തിന്റെ വിധി എന്തായിരിക്കും എന്നുള്ളത് കാത്തിരുന്ന കാണേണ്ടതാണ്.

വർഷത്തിലുടനീളം തുടർന്നുകൊണ്ടിരുന്ന ഇസ്രേയൽ ആക്രമണങ്ങളെയാണ് ലോകജനത 2024ൽ ഏറ്റവും ഭയപ്പെടുത്തോടെ നോക്കികണ്ടുകൊണ്ടിരുന്നത്. ഗാസയിൽ ആക്രമണം തുടർന്നുകൊണ്ടിരിക്കെ ഹിസ്ബുള്ളയ്‌ക്കെതിരെ നടത്തിയ ആക്രമണത്തിലൂടെയും ഒടുവിൽ സിറിയയിൽ നടത്തിയ വെട്ടിപ്പിടിക്കലുകളിലൂടെയും ഇസ്രായേൽ ലോകത്തെ അവരുടെ ശക്തി കാണിച്ചു.

ഗാസയിൽ ദിവസേന ഡസൻ കണക്കിന് ആളുകളെ കൊന്നൊടുക്കുന്നതിനിടയിലാണ് ലെബനനിലെ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്ക്കെതിരെ അവർ ആക്രമണം നടത്തിയത്. ഹിസ്ബുള്ളയ്ക്ക് നേരെ പേജർ, വാക്കി-ടോക്കി ആക്രമണങ്ങൾ നടത്തി ഇസ്രായേൽ വിജയം കൈവരിച്ചു. സെപ്തംബറിൽ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്രല്ലയെ ഉന്മൂലനം ചെയ്യുകയും രണ്ടാഴ്ചയ്ക്കുള്ളിൽ ഹമാസ് നേതാവ് യഹ്യ സിൻവാറിനെ വധിക്കുകയും ചെയ്തു.

ഇതിനിടയിൽ ലോകത്ത് വരാനിരിക്കുന്ന പട്ടിണിയെക്കുറിച്ചുള്ള ഭയവും ഗാസയിലെ കുട്ടികൾ, ദുരിതാശ്വാസ പ്രവർത്തകർ, പത്രപ്രവർത്തകർ എന്നിവരുടെ മരണവും ഐക്യരാഷ്ട്രസഭ നിരന്തരം ഉയർത്തിക്കൊണ്ടിരുന്നു. വർഷാവസാനം വിമതവിപ്ലവത്തിനും അസദ് ഭരണകൂടത്തിന്റെ പതനത്തിനും പിന്നാലെ സിറിയയിൽ ആക്രമണം ശക്തമാക്കിയ ഇസ്രയേൽ സൈനികകേന്ദ്രങ്ങൾ ഉൾപ്പെടെ ആക്രമിച്ചു. സിറിയയിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥ മുതലെടുത്തുകൊണ്ടായിരുന്നു ​ഇസ്രയേൽ ആക്രമണം.

54 വർഷത്തെ ക്രൂരമായ സ്വേച്ഛാധിപത്യ ഭരണത്തിന് ശേഷം, അസദ് കുടുംബം സിറിയയിൽ നിന്ന് പടിയിറങ്ങുന്നതാണ് വർഷാവസാനം ലോകം കണ്ട കാഴ്ച. ഡിസംബർ 8ന് 14 വർഷത്തെ ആഭ്യന്തര യുദ്ധത്തിനും അഞ്ച് വർഷത്തെ സ്തംഭനാവസ്ഥയ്ക്കും ശേഷം സിറിയയിലെ ബാഷർ അൽ-അസാദ് ഭരണകൂടം തകർന്നു വീഴുകയായിരുന്നു. വിമത ഗ്രൂപ്പായ എച്ച്‌ടിഎസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ നവംബർ അവസാനം അലപ്പോയിലെ പ്രധാന നഗരം പിടിച്ചടക്കി ഒരാഴ്ചയ്ക്ക് ശേഷമാണ് ഭരണകൂടം തകർന്നത്.

വിമതർ രാജ്യം പിടിച്ചടക്കുന്നതിന് മുൻപ് ആസാദ് രാജ്യം വിട്ട് റഷ്യയിൽ അഭയം പ്രാപിച്ചു. എച്ച്ടിഎസ് നേതൃത്വം രാജ്യത്ത് അധികാരം ഏറ്റെടുക്കുമ്പോൾ, സിറിയ കടുത്ത അനിശ്ചിതത്വത്തിൻ്റെ പിടിയിലാണ്. എന്നാൽ സിറിയക്കാർ സ്വേച്ഛാധിപത്യത്തിൽ നിന്ന് മോചിതരായതിന്റെ സന്തോഷത്തിലാണ്. രാജ്യം വിട്ട് പലായനം ചെയ്ത് യൂറോപ്പ് രാജ്യങ്ങളിൽ അനധികൃത കുടിയേറ്റക്കാരായി കഴിയുന്ന സിറിയക്കാർ നാട്ടിലേക്ക് തിരികെ പോകുന്നത് സ്വപ്നം കാണുകയാണ്.

ന്യൂസിലൻഡിലെ ആദിമ ന്യൂനപക്ഷ വിഭാഗമായ മാവോറികളുടെ അവകാശ നിഷേധ ബില്ലിനെതിരെ പാർലമെന്റിൽ എംപിമാർ ‘ഹക്ക’ നൃത്തം നടത്തുന്ന കാഴ്ച ലോകമെമ്പാടും വൈറലായിരുന്നു. ബിൽ കീറിയെറിഞ്ഞ് പാർലമെൻറ് സ്തംഭിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷ എംപി ഹന റൗഹിതി മൈപി പരമ്പരാഗത ഗ്രൂപ്പ് ഡാൻസിന് തുടക്കമിട്ടത്. പ്രതിഷേധ നൃത്തം സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ടു.

ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ അദ്ദേഹത്തിനെതിരായ ഇംപീച്ച്മെൻ്റ് ശ്രമങ്ങളെ അതിജീവിച്ച് ഭരണത്തിൽ തിരിച്ചെത്തിയതാണ് ഡിസംബറിൽ ലോകം കണ്ട മറ്റൊരു പ്രധാന കാഴ്ച. ഡിസംബർ 3ന് ആണ് യുൻ സുക് യോളിൻ പട്ടാള നിയമം പ്രഖ്യാപിച്ചത്. തുടർച്ചയായ കലാപങ്ങൾ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂൻ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാർലമെന്റിൽ യൂനിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. വെറും ആറുമണിക്കൂറിനുശേഷം പട്ടാളനിയമം യൂൻ പിൻവലിക്കുകയും ചെയ്തു. ദശാബ്ദങ്ങളിലെ ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു അത്.

ക്രിസ്മസ് ദിനത്തിൽ അസർബയ്ജാൻ വിമാനം കസാഖ്സ്ഥാനിൽ തകർന്നുവീണ് 38 പേർ മരിച്ചതും നാല് ദിവസങ്ങൾക്കുള്ളിൽ ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടവുമാണ് ലോകത്തെ നടുക്കിയ ഈ വർഷത്തെ വിമാനാപകടങ്ങൾ. 181 പേരുമായി ബാങ്കോക്കിൽ നിന്നുമെത്തിയ ജെജു വിമാനപകടത്തിൽ 179 പേരും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

യുദ്ധത്തിലും പ്രകൃതി ദുരന്തങ്ങളിലും തകർന്നടിഞ്ഞ രാജ്യങ്ങൾക്കും എല്ലാം നഷ്ട്ടമായ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള ലോക ജനതയ്ക്കും പുതുജീവിതം കെട്ടിപ്പടുക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പുതുവർഷമായി 2025 മാറട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Latest Stories

എ വി റസല്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; 38 അംഗ ജില്ലാ കമ്മിറ്റില്‍ ആറു പുതുമുഖങ്ങള്‍

പലപ്പോഴും അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നിയിട്ടുണ്ട്, എനിക്കെതിരെ ഹേറ്റ് വരാനുള്ള കാരണം ഇത് തന്നെയാണ്: അനശ്വര രാജന്‍

ആരാധനാലയ നിയമത്തിൽ ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷികൾ സുപ്രീം കോടതിയിൽ പ്രത്യേക ഹർജികൾ നൽകിയേക്കും; ചർച്ചകൾ പുരോഗമിക്കുന്നു

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭയെത്തുമോ?; അതോ സുരേന്ദ്രന്‍ തുടരുമോ?; മാറ്റം വേണമെന്ന് ശഠിക്കുന്നവര്‍ക്കായി എംടി രമേശിന് മുന്നില്‍ സാധ്യത തുറക്കുമോ?

ആ ചെറുക്കൻ അനാവശ്യമായ ചൊറിച്ചിലാണ് നടത്തുന്നത്, വഴക്ക് ഉണ്ടാക്കിയതിന് അവനിട്ടുള്ള പണി കിട്ടുകയും ചെയ്തു; തുറന്നടിച്ച് ഗൗതം ഗംഭീർ

ജസ്പ്രീത് ബുംറ ചതിയൻ? ഉപയോഗിച്ചത് സാൻഡ് പേപ്പർ എന്ന് ഓസ്‌ട്രേലിയൻ ആരാധകർ; വിവാദത്തിൽ മറുപടിയുമായി അശ്വിൻ

"കേരളം ഇമ്മിണി വല്യ ജിഹാദിസ്ഥാൻ തന്നെയാണ്; അതിന് ഉത്തരവാദികളിൽ ഒരാൾ പിണറായിക്കൊപ്പം കാണുന്ന ഈ താടിക്കാരനും തൊപ്പിക്കാരനുമാണ്" വിവാദ പ്രസ്താവനയുമായി എപി അബുദുല്ലകുട്ടി

ആ വ്യക്തി പിന്നാലെ നടന്ന് അപമാനിക്കുന്നു, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ എന്റെ പേര് പറയുകയാണ്; തുറന്നടിച്ച് ഹണി റോസ്

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം

66കാരി മഡോണയ്ക്ക് 28കാരന്‍ വരന്‍; വിവാഹനിശ്ചയം കഴിഞ്ഞു? വജ്ര മോതിരം ഉയര്‍ത്തികാട്ടി പോപ് താരം