മരിയോ വർഗാസ് യോസ: സാഹിത്യത്തിന്റെ അനശ്വര വിപ്ലവകാരി

മാരിയോ വർഗാസ് യോസയുടെ വേർപാട് ലാറ്റിനമേരിക്കൻ സാഹിത്യത്തിന് മാത്രമല്ല, ആഗോള സാഹിത്യലോകത്തിന് തന്നെ ഒരു അപൂർവനഷ്ടമാണ്. 1936-ൽ പെറുവിലെ അരെക്വിപയിൽ ജനിച്ച യോസ, തന്റെ ബാല്യത്തിന്റെ വേദനകളും സങ്കീർണതകളും തന്റെ രചനകളിൽ പ്രതിഫലിപ്പിച്ചു. കുടുംബത്തിലെ ഭിന്നതകളും, പെറുവിന്റെ സാമൂഹിക വൈരുദ്ധ്യങ്ങളും, ലിയോനിനോ പ്രാഡോ മിലിട്ടറി അക്കാദമിയിലെ കഠിനമായ അനുഭവങ്ങളും അദ്ദേഹത്തിന്റെ ആദ്യ നോവലായ “ദി ടൈം ഓഫ് ദി ഹീറോ” (1963) എന്ന കൃതിയിൽ ആവിഷ്കരിക്കപ്പെട്ടു. ഈ നോവൽ, പെറുവിന്റെ സൈനിക-സാമൂഹിക ഘടനയെ വിമർശിച്ചതിനാൽ വിവാദമായെങ്കിലും, യോസയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനാക്കി.

The Peruvian Nobel laureate Mario Vargas Llosa

മാരിയോ വർഗാസ് യോസ

യോസയുടെ എഴുത്തിന്റെ മാജിക് അതിന്റെ വൈവിധ്യത്തിലാണ്. “ദി ഗ്രീൻ ഹൗസ്” (1966) പോലുള്ള കൃതികളിൽ, പെറുവിന്റെ ആമസോൺ മഴക്കാടുകളുടെ മിത്തുകളും യാഥാർഥ്യങ്ങളും ഇഴചേർന്നപ്പോൾ, “ആന്റ് ജൂലിയ” (1977) പോലുള്ള നോവലുകൾ പ്രണയത്തിന്റെയും യൗവനത്തിന്റെയും ലഘുത്വത്തിൽ മുഴുകി. എന്നാൽ, യോസ ഒരിക്കലും ലഘുവായ എഴുത്തുകാരനായിരുന്നില്ല. “വാർ ഓഫ് ദി എൻഡ് ഓഫ് ദി വേൾഡ്” (1981) പോലുള്ള കൃതികളിൽ, മതവിശ്വാസത്തിന്റെ അന്ധതയും, അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ചും വിശദമായി തന്നെ അദ്ദേഹം പരിശോധിച്ചു. ഈ നോവലിലാണ് ബ്രസീലിലെ കാനുദോസ് കലാപത്തിന്റെ (1896-97) ചരിത്രം യോസ പുനരാഖ്യാനം ചെയ്യുന്നത്. കാനുദോസ് കലാപത്തിന്റെ ചരിത്രത്തെ ഇഴപിരിച്ചെടുത്ത് മനുഷ്യന്റെ ആദർശങ്ങളും യാഥാർഥ്യവും തമ്മിലുള്ള സംഘർഷത്തെ യോസ അനാവരണം ചെയ്തു.

1990-ൽ പെറുവിലെ ലിമയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാരിയോ വർഗാസ് യോസ

2010-ൽ, യോസക്ക് സാഹിത്യത്തിൽ നൊബേൽ സമ്മാനം ലഭിച്ചു. “കോൺവർസേഷൻ ഇൻ ദി കത്തീഡ്രൽ” (1969) എന്ന നോവലിൽ, പെറുവിന്റെ ഒഡ്രിയ ഏകാധിപത്യത്തിന്റെ (1948-56) പശ്ചാത്തലത്തിൽ എഴുതപെട്ട, “നിന്റെ പിതാവിനോട് എന്താണ് സംസാരിക്കാൻ പോകുന്നത്?” എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഈ നോവൽ, ഒരു രാജ്യത്തിന്റെ ധാർമിക തകർച്ചയെ ചോദ്യം ചെയ്തു. യോസയുടെ രാഷ്ട്രീയ ജീവിതവും അദ്ദേഹത്തിന്റെ എഴുത്തിനോളം തന്നെ സങ്കീർണമായിരുന്നു. 1980-കളിൽ, ഇടതുപക്ഷ ചിന്തകളിൽ നിന്ന് ലിബറൽ-വലതുപക്ഷ ആശയങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം പലരെയും അമ്പരപ്പിച്ചു. എന്നാൽ, യോസയ്ക്ക് ഇത് ഒരു തിരിച്ചറിവിന്റെ ഭാഗമായിരുന്നു. ഫാഷിസമോ കമ്യൂണിസമോ ആകട്ടെ, ഏതൊരു അധികാരവ്യവസ്ഥയും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമ്പോൾ അത് വിമർശിക്കപ്പെടണമെന്ന് അദ്ദേഹം വിശ്വസിച്ചു. 1990-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, അദ്ദേഹം പിന്നീട് തന്റെ കോളങ്ങളിലൂടെയും ഉപന്യാസങ്ങളിലൂടെയും രാഷ്‌ടീയ സംവാദങ്ങളിൽ സജീവമായി.

സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ കൺസേർട്ട് ഹാളിൽ സ്വീഡിഷ് രാജാവ് കാൾ പതിനാറാമൻ ഗുസ്താഫിൽ നിന്ന് 2010 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം  സ്വീകരിക്കുന്ന മാരിയോ വർഗാസ് യോസ

മാരിയോ വർഗാസ് യോസയും ഗബ്രിയേൽ ഗാർസിയ മാർക്വേസും

മാരിയോ വർഗാസ് യോസയും ഗബ്രിയേൽ ഗാർസിയ മാർക്വേസും ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ “എൽ ബൂം” പ്രസ്ഥാനത്തിന്റെ ഇരു തൂണുകളായിരുന്നു. 1960-കളിൽ, ഈ രണ്ട് എഴുത്തുകാരും ലോക ശ്രദ്ധ നേടിയപ്പോൾ, അവർ തമ്മിൽ സൗഹൃദവും സാഹിത്യപരമായ ബഹുമാനവും നിലനിന്നു. യോസയുടെ “ദി ടൈം ഓഫ് ദി ഹീറോ” (1963) യും മാർക്വേസിന്റെ “വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്” (1967) ഉം ലാറ്റിനമേരിക്കൻ സാഹിത്യത്തെ ആഗോള വേദിയിൽ ഒരേപോലെ പ്രശസ്തി ഉയർത്തുന്നതിൽ സഹായിച്ചു. ഇരുവരും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ തങ്ങളുടെ കൃതികളിൽ ആവിഷ്കരിച്ചു, എങ്കിലും ശൈലിയിൽ വ്യത്യസ്തരായിരുന്നു യോസയുടെ യാഥാർഥ്യവാദവും മാർക്വേസിന്റെ മാജിക്കൽ റിയലിസവും.

മാരിയോ വർഗാസ് യോസയും ഗബ്രിയേൽ ഗാർസിയ മാർക്വേസും

എന്നാൽ, 1976-ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒരു സിനിമാ പ്രദർശനത്തിനിടെ, യോസ മാർക്വേസിനെ മുഖത്തടിച്ച സംഭവം അവരുടെ സൗഹൃദത്തിന് വിള്ളൽ വീഴ്ത്തി. രാഷ്ട്രീയ വീക്ഷണങ്ങളിലെ ഭിന്നത യോസയുടെ ലിബറൽ വലതുപക്ഷ ചായ്‌വും മാർക്വേസിന്റെ ഇടതുപക്ഷ ആഭിമുഖ്യവും ഈ വേർപിരിയലിന് കാരണമായി എന്ന് പറയപ്പെടുന്നു. യോസ ഫിഡൽ കാസ്ട്രോയുടെ ഭരണത്തെ വിമർശിച്ചപ്പോൾ, മാർക്വേസ് കാസ്ട്രോയെ പിന്തുണച്ചു. വ്യക്തിപരമായ കാരണങ്ങളും ഈ ശത്രുതയ്ക്ക് ആക്കം കൂട്ടി. ഈ വിള്ളൽ പിന്നീട് ഒരിക്കലും പരിഹരിക്കപ്പെട്ടില്ല. 2007-ൽ, മാർക്വേസിന്റെ “വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്”ന്റെ 40-ാം വാർഷിക ആഘോഷത്തിൽ യോസ പങ്കെടുക്കാതിരുന്നത് ഈ അകൽച്ചയുടെ തുടർച്ചയായി കാണപ്പെട്ടു. എന്നിരുന്നാലും, ഇരുവരും തങ്ങളുടെ കൃതികളിലൂടെ ലാറ്റിനമേരിക്കയുടെ ആത്മാവിനെ ലോകത്തിന് പരിചയപ്പെടുത്തി. മാർക്വേസ് 2014-ൽ മരണപ്പെട്ടെങ്കിലും, യോസ 2025 വരെ എഴുത്ത് തുടർന്നു. അവരുടെ ശത്രുത ഒരു സാഹിത്യ കുറിപ്പായി നിലനിൽക്കുമെങ്കിലും, യോസയും മാർക്വേസും ചേർന്ന് ഒരു യുഗത്തെ രൂപപ്പെടുത്തിയത് അവിസ്മരണീയമാണ്.

അവസാനകാലത്ത്, “ദി നെയ്ബർഹുഡ്” (2016), “ഹാർഷ് ടൈംസ്” (2021) തുടങ്ങിയ കൃതികളിൽ, യോസ തന്റെ എഴുത്തിന്റെ ചൈതന്യം നിലനിർത്തി. 89-ാം വയസ്സിലും, അദ്ദേഹം എഴുത്തിനോടുള്ള അഭിനിവേശം കൈവിട്ടില്ല. “എന്റെ ജീവിതം എന്റെ പുസ്തകങ്ങളാണ്,” എന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ, അദ്ദേഹത്തിന്റെ വേർപാടിനെ അതിജീവിക്കുന്നു. യോസയുടെ മരണം ഒരു ശൂന്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും, ലാറ്റിനമേരിക്കയുടെ ഹൃദയത്തിൽ നിന്ന് ലോകത്തോട് സംസാരിച്ച ഈ എഴുത്തുകാരൻ, തന്റെ വാക്കുകളിലൂടെ എന്നും ജീവിക്കും. “സാഹിത്യം ഒരു കലാപമാണ്” എന്ന് യോസ വിശ്വസിച്ചു. ആ കലാപം, അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ, ഇന്നും തുടരുന്നു.

Image credits: The Guardian, The New York Time Magazine

Latest Stories

പഹൽഗാമിൽ തീവ്രവാദികൾ നമ്മുടെ സ്ത്രീകളെ വിധവകളാക്കി, അവരുടെ നെറ്റിയിലെ സിന്ദൂരം മായിച്ചു; 'ഓപ്പറേഷൻ സിന്ദൂർ' പേര് നിർദേശിച്ചത് മോദി

IPL 2025: ഞാനും അവനും ചേർന്നാണ് മുംബൈയെ തോൽപ്പിച്ചത്, ആ പോയിന്റിൽ...; ഹാർദിക് പാണ്ഡ്യ പറഞ്ഞത് ഇങ്ങനെ

OPERATION SINDOOR: അതിർത്തിയിൽ പാക് വെടിവെയ്പ്പും ഷെല്ലാക്രമണവും; മൂന്ന് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്, തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

IPL 2025: ഇനി മുതൽ അവൻ കിങ് കോഹ്‌ലി അല്ല, വിരാട് കോഹ്‌ലിക്ക് പുതിയ പേര് നിർദേശിച്ച് എബി ഡിവില്ലിയേഴ്‌സ്; ഒപ്പം ആ കൂട്ടർക്ക് വിമർശനവും

OPERATION SINDOOR; പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താസമ്മേളനം രാവിലെ 10ന്, കൂടുതൽ വിവരങ്ങൾ കേന്ദ്രം വ്യക്തമാക്കും

INDIAN CRICKET: ഹൃദയം തകർന്നു ഞാൻ കരഞ്ഞത് ആ ദിവസമായിരുന്നു, എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് പോയി; തന്നെ സങ്കടപ്പെടുത്തിയ മത്സരത്തെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

OPERATION SINDOOR: മറുപടി ഇങ്ങനെയാകണം, വാർത്ത കേട്ടപ്പോൾ അഭിമാനവും സന്തോഷവും; പാകിസ്ഥാനെതിരെ തിരിച്ചടിച്ചതിൽ പ്രതികരണവുമായി ആരതി രാമചന്ദ്രൻ

ഇന്ത്യയെ ആക്രമിക്കാനെത്തിയ പാക്കിസ്ഥാന്‍ യുദ്ധവിമാനം തകര്‍ത്തു; ചൈന സമ്മാനിച്ച ജെഎഫ്-17നെ തകര്‍ത്തത് ആകാശ് മിസൈല്‍ ഉപയോഗിച്ച്; രാജാ ചാക് ഗ്രാമത്തില്‍ തകര്‍ന്നുവീണു

OPERATION SINDOOR: രാജ്യത്ത് ജാഗ്രത നിർദേശം, 10 വിമാനത്താവളങ്ങൾ അടച്ചു; ജമ്മുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു; അറിഞ്ഞത് അല്‍പസമയം മുമ്പ്; എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്ന് ട്രംപ്; സംയമനം പാലിക്കണമെന്ന് യുഎന്‍