ഏറ്റവും മികച്ച ബീഫുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് എത്തുന്നു; അനുകൂലിച്ചും പ്രതികൂലിച്ചും ഇന്ത്യക്കാര്‍

മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതിയ ബിസിനസിനെ കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. താന്‍ പുതുതായി ആരംഭിച്ച കന്നുകാലി ഫാമിനെ കുറിച്ച് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ബീഫ് വില്‍പ്പനയ്ക്കായാണ് സക്കര്‍ബര്‍ഗ് പുതിയ സംരംഭം ആരംഭിച്ചത്.

ഇതിനുവേണ്ടി അമേരിക്കയിലെ ഹവായിലുള്ള കാവായ് ദ്വീപിലാണ് കന്നുകാലി ഫാം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ബീഫ് നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് മെറ്റ തലവന്‍ ഇതോടകം വ്യക്തമാക്കിയിട്ടുണ്ട്. മക്കാഡമിയ പഴവും ഡ്രൈ ഫ്രൂട്ട്‌സും പ്രാദേശികമായി നിര്‍മ്മിക്കുന്ന ബിയറുമാണ് ഫാമിലെ കാലികള്‍ക്ക് ഭക്ഷണമായി നല്‍കുക.

ഫാമിലെ കന്നുകാലികള്‍ക്കുള്ള ഭക്ഷണം അവിടെ തന്നെ വിളയിച്ചെടുക്കുകയാണ്. മക്കാഡമിയ ഇതോടകം ഏക്കര്‍ കണക്കിന് ഭൂമിയില്‍ കൃഷി ആരംഭിച്ചു. സക്കര്‍ബര്‍ഗിന്റെ ഫാമിനെ കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.


മെറ്റ തലവന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റുമായെത്തുന്ന നിരവധി മലയാളികളും ഉണ്ട്. ബീഫിനൊപ്പം പൊറോട്ട കൂടി നല്‍കാമോ എന്ന് ചോദിക്കുന്നവരും ധൈര്യമുണ്ടെങ്കില്‍ യുപിയില്‍ പോയി ബിസിനസ് തുടങ്ങൂ എന്ന് നിര്‍ദ്ദേശിക്കുന്നവരും ധാരാളമുണ്ട്. കന്നുകാലികള്‍ക്ക് കൊടുക്കുന്ന ബിയര്‍ കേരളത്തിലെത്തിക്കാന്‍ സാധ്യതയുണ്ടോ എന്ന് ചോദിക്കുന്നവരെയും കമന്റ് ബോക്‌സില്‍ കാണാം.