മാർഷ്യൽ ആർട്‌സ് പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ് മാർക്ക് സക്കർബർഗ് ആശുപത്രിയിൽ. കാൽമുട്ടിന്റെ സന്ധിയിലുണ്ടായ പരിക്കിനെ തുടർന്ന് സക്കർബർഗിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇൻസ്റ്റാഗ്രാമിലാണ് സക്കർബർഗ് ആശുപത്രിയിൽ നിന്നുള്ള തന്റെ ചിത്രം പങ്കുവെച്ചത്.
അടുത്ത മിക്‌സഡ് മാർഷ്യൽ ആർട്‌സ് മത്സരത്തിനായി തയ്യാറെടുക്കുകയായിരുന്നു സക്കർബർഗ്. പരിക്ക് ഭേദമായതിന് ശേഷം പരിശീലനം തുടരാനാണ് ശ്രമിക്കുന്നതെന്നു എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും സക്കർബർഗ് നന്ദി അറിയിക്കുകയും ചെയ്തു. അടുത്തകാലത്തായി വിവിധ ആയോധനകലകളിൽ പരിശീലനം നടത്തുന്ന സക്കർബർഗ് ജിയു-ജിറ്റ്‌സു മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് കേജ് ഫൈറ്റിന് വേണ്ടി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് സക്കര്‍ബര്‍ഗിനെ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി സ്വീകരിച്ച സക്കര്‍ബര്‍ഗ് തീയ്യതി നിശ്ചയിക്കാന്‍ അറിയിക്കുകയും ചെയ്തു. അതോടെ ശതകോടീശ്വര വ്യവസായികള്‍ തമ്മിലുള്ള കേജ് ഫൈറ്റ് യഥാര്‍ത്ഥത്തില്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നു.
അള്‍ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പ് (യുഎഫ്‌സി) പ്രസിഡന്റ് ഡാന വൈറ്റ് അത്തരം ഒരു പ്രദര്‍ശന മത്സരം നടത്തുന്നതിന്റെ സാധ്യതകള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വെല്ലുവിളി നടത്തിയ ഇലോണ്‍ മസ്‌ക് പിന്നീട് കേജ് ഫൈറ്റില്‍ തീരുമാനമൊന്നും അറിയിച്ചില്ല.
അതിനുശേഷം സക്കർബർഗിനെ പരിഹസിച്ച് മസ്‌ക് രംഗത്ത് വന്നിരുന്നു. ത്രെഡ്‌സ് എന്ന പ്ലാറ്റ്‌ഫോം ഒരു പ്രേത നഗരം പോലെയാണെന്നും ഭയനാകമായ നിശബ്ദതയാണ് അവിടെയെന്നും മസ്‌ക് പരിഹസിച്ചു. കമ്പനി മേധാവിയായ സക്കർബർഗ് പോലും ത്രെഡ്സ് ഉപയോഗിക്കുന്നില്ലെന്ന് മസ്ക് പറഞ്ഞിരുന്നു.