ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കന്‍ ജപ്പാനിൽ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. അപകടകരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ദുരന്തമേഖലയിൽ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാർപ്പിക്കാൻ അധികൃതർ നിർദേശം നൽകി.

അഞ്ചു മീറ്റർ ഉയരത്തിൽ വരെ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പുള്ളത്. അയൽപ്രദേശങ്ങളായ നീഗാറ്റയിലും ടോയാമയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് മീറ്റർ ഉയരത്തിൽ രണ്ടിടത്തും തിരയടിക്കാനിടയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.

Read more

ശക്തമായ ഭൂചലനത്തിന് പിന്നാലെ നിരവധി തവണ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇഷികാവയിൽ മുഴുവൻ അതിവേഗ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. ഭൂചലനത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂമിയില്‍ വന്‍ വിള്ളലുണ്ടായതും കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിനില്‍ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. എന്നാൽ, എവിടെയും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.