റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയും യുഎസ് മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന്‍റെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച് മെറ്റ. നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതായി വെള്ളിയാഴ്ച മെറ്റ വ്യക്തമാക്കി. ഫേസ്ബുക്കിൽ 34 ദശലക്ഷം പേരാണ് ട്രംപിനെ പിന്തുടരുന്നത്.
തിങ്കളാഴ്ച റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷൻ ആരംഭിക്കാനിരിക്കെയാണ് മെറ്റയുടെ നടപടി. 2021 ജനുവരിയിൽ യുഎസ് ക്യാപിറ്റോളിനു നേരെ ട്രംപ് അനുകൂലികൾ അക്രമം നടത്തിയതോടെ ട്രംപിന്‍റെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. 2023 ഫെബ്രുവരിയിൽ നിയന്ത്രണങ്ങളോടെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ മെറ്റ അനുമതി നൽകി.