14ാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ചൈന ആതിഥേയത്വം വഹിക്കുന്ന വെർച്വൽ ഉച്ചകോടി ജൂൺ 23, 24 തീയതികളിൽ നടക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചതിനെ തുടർന്നാണ് നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുക. യുക്രൈൻ-റഷ്യ സംഘർഷത്തിന് പിന്നാലെ ലോകമാകെ സംഭവിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നീ രാഷ്ട്ര തലവൻമാർ ഉച്ചകോടിയിൽ പങ്കെടുക്കും. എല്ലാ വികസ്വര രാജ്യങ്ങൾക്കും പൊതുവായ ആശങ്കയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയായി ബ്രിക്സ് മാറും.
തീവ്രവാദ വിരുദ്ധത, വ്യാപാരം, ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, കൃഷി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും എന്നീ വിഷയങ്ങളായിരിക്കും പ്രധാനമായും 14-ാമത് ബ്രിക്സ് ഉച്ചകോടിയിൽ ചർച്ചകാളാകുക.
Read more
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതും ആഗോള സാമ്പത്തിക വീണ്ടെടുക്കലും ചർച്ചകളിൽ വിഷയമാകും. ജൂൺ 24-ന് അതിഥി രാജ്യങ്ങളുമായുള്ള ആഗോള വികസനത്തെക്കുറിച്ചുള്ള ഉന്നതതല ചർച്ചയും നടക്കും.