കുവൈത്തിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ മോദിയ്ക്ക് കുവൈത്ത് അമീര്‍ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിക്കുകയായിരുന്നു. കുവൈത്ത് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തി.
43 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നുവെന്ന പ്രത്യേകതയും മോദിയുടെ സന്ദര്‍ശനത്തിനുണ്ട്. മോദിയ്ക്ക് ലഭിക്കുന്ന 20ാമത് അന്താരാഷ്ട്ര അവാര്‍ഡാണ് മുബാറക് അല്‍ കബീര്‍ മെഡല്‍. മോദിയ്ക്ക് മുന്‍പ് ബില്‍ ക്ലിന്റണ്‍, ജോര്‍ജ്ജ് ഡബ്ല്യു ബുഷ് എന്നിവരാണ് മുബാറക് അല്‍ കബീര്‍ മെഡലിന് അര്‍ഹരായ മറ്റ് പ്രമുഖര്‍.
അറേബ്യന്‍ മേഖലയിലെ ഫുട്‌ബോള്‍ ജേതാക്കളെ തീരുമാനിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി മോദി പങ്കെടുത്തിരുന്നു. കുവൈത്ത് സന്ദര്‍ശിക്കാനെത്തിയ മോദിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ബയാന്‍ പാലസില്‍ അദ്ദേഹത്തിന് ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ കുവൈത്ത് അമീറും പങ്കെടുത്തു.
അതേസമയം ഇന്ത്യ ലോകത്തിന്റെ വളര്‍ച്ചയുടെ എഞ്ചിനായി മാറുമെന്ന് മോദി പറഞ്ഞു. കുവൈത്തിനുള്‍പ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.