കലാപത്തിനും തുടര്‍ന്ന് ഷെയ്ഖ് ഹസീനയുടെ രാജിക്കും ശേഷം പുതിയ സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേറ്റു. സാമ്പത്തിക വിദഗ്ധനും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മൊഹമ്മദ് യൂനുസ് (84) ഇടക്കാല സര്‍ക്കാരിന്റെ മേധാവിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ വസതിയായ ബംഗഭബനിലായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
യൂനുസ് മുഖ്യ ഉപദേശകനായി 15 അംഗ കൗണ്‍സിലാണ് നിലവില്‍ വരുന്നതെന്ന് സൈനിക മേധാവി വഖര്‍ ഉസ് സമാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാലിഹ് ഉദ്ദീന്‍ അഹമ്മദ്, ഡോ. ആസിഫ് നസ്രുള്‍, ആദിലുര്‍ റഹ്‌മാന്‍ ഖാന്‍, ഹസന്‍ ആരിഫ്, തൗഹിദ് ഹുസൈന്‍, സൈദ റിസ്വാന ഹസന്‍, എം ഡി നഹിദ് ഇസ്ലാം, ആസിഫ് മഹ്‌മൂദ്, ബ്രിഗേഡിയര്‍ ജനറല്‍ (റിട്ട) എം സഖാവത് ഹുസൈന്‍, സുപ്രദീപ് ചക്മ, ഫരീദ അക്തര്‍, ബിദാന്‍ രഞ്ജന്‍ റോയ്, എ എഫ് എം ഖാലിദ് ഹസന്‍, നൂര്‍ജഹാന്‍ ബീഗം, ഷര്‍മിന്‍ മുര്‍ഷിദ്, ഫാറൂഖ്-ഇ-അസം എന്നിവരാണ് മന്ത്രിസഭാംഗങ്ങളെന്ന് ബംഗ്ലാദേശ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാരിസിലായിരുന്ന യൂനുസ് വെള്ളിയാഴ്ചയാണ് രാജ്യത്ത് എത്തിയത്. ബംഗ്ലാദേശിന്റെ രണ്ടാം വിമോചനമാണ് ഷെയ്ഖ് ഹസീനയുടെ പുറത്താക്കലെന്ന് പ്രതികരിച്ച യൂനുസ്, സമാധാനത്തിനായി ആഹ്വാനം ചെയ്തു. യൂനുസിനെതിരെയുള്ള കേസുകള്‍ പ്രസിഡന്റ് പിന്‍വലിച്ചു. യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മാത്രമേ അംഗീകരിക്കൂ എന്ന് പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയില്‍ ‘വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം’ നേതാക്കള്‍ അറിയിച്ചിരുന്നു. മൂന്നുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജയില്‍മോചിതയായ ബിഎന്‍പി നേതാവ് ഖാലിദ സിയ ആവശ്യപ്പെട്ടു.