മ്യാൻമർ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 694 ആയി; 1670 പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടരുന്നു

മ്യാൻമർ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 694 ആയി ഉയർന്നു. 1670 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മ്യാൻമറിലും അയൽ രാജ്യമായ തായ്‍ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

പാലങ്ങളും കെട്ടിടങ്ങളും തകർന്നു. തായ്‍ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സർക്കാരുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം ഇന്നലെ രാത്രി മ്യാൻമറിൽ തുടർ ഭൂചലനമുണ്ടായി. രാത്രി 11.56ഓടെയാണ് റിക്ടെർ സ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മ്യാൻമറിന് സഹായവുമായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി. 15 ട​ൺ അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ഇന്ത്യൻ വ്യോമസേനയുടെ വി​മാ​നം മ്യാന്‍മറിലെത്തി. വിമാനത്തില്‍ ടെ​ന്‍റു​ക​ൾ, സ്ലീ​പ്പിം​ഗ് ബാ​ഗു​ക​ൾ, പു​ത​പ്പു​ക​ൾ, റെ​ഡി-​ടു-​ഈ​റ്റ് ഭ​ക്ഷ​ണം, വാ​ട്ട​ർ പ്യൂ​രി​ഫ​യ​റു​ക​ൾ, സോ​ളാ​ർ ലാ​മ്പു​ക​ൾ, ജ​ന​റേ​റ്റ​ർ സെ​റ്റു​ക​ൾ, മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ സാ​ധ​ന​ങ്ങള്‍ എത്തിച്ചു. മ്യാ​ൻ​മ​റി​ന് സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി‍​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പും അറിയിച്ചിട്ടുണ്ട്.