ഒക്‌ടോബര്‍ 26 മുതല്‍ 28 വരെ സിംഗപ്പൂരില്‍ നടക്കുന്ന ആസിയാന്‍ അടിയന്തിര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മ്യാന്‍മറിലെ പട്ടാളഭരണകൂടത്തെ ക്ഷണിക്കേണ്ടതില്ലെന്ന് ദക്ഷിണപൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയാന്‍ ഏകകണ്‌ഠേന തീരുമാനമെടുത്തു. സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണനാണ് ഈ വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഒരു രാജ്യത്തെ ഒഴിവാക്കിനിര്‍ത്തുക എന്നത് വൈഷമ്യമുള്ള കാര്യമാണെങ്കിലും ആസിയാന്റെ വിശ്വാസ്യതക്ക് ഇതാവശ്യമാണെന്ന് ബാലകൃഷ്ണന്‍ വിശദീകരിച്ചു.
അംഗരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് സംഘടനയുടെ നയമല്ല എങ്കില്‍ത്തന്നെയും തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ പട്ടാളഭരണാധികാരി മിന്‍ ഓങ് ഹ്ലൈയ്ങ് ഇപ്പോഴും തുടരുന്ന തേര്‍വാഴ്ചയാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം. പട്ടാള ഇടപെടലുകളില്‍ ആയിരത്തോളം സിവിലിയന്‍മാര്‍ വധിക്കപ്പെടുകയും ആയിരക്കണക്കിനാളുകള്‍ തടവിലാകുകയും ചെയ്തിട്ടുണ്ട്.
ഏറെക്കാലം തടവില്‍ കഴിഞ്ഞതിനുശേഷമാണ് മ്യാന്‍മറിന്റെ രാഷ്ട്രപിതാവായ ഓങ് സാന്റെ മകളും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ നേതാവുമായ ഓങ് സാന്‍ സുയ്കി 2015-ല്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം മ്യാന്‍മറില്‍ പ്രധാനമന്ത്രിക്ക് തുല്യമായ സ്റ്റേറ്റ് കൗണ്‍സിലര്‍ സ്ഥാനം ഏറ്റെടുത്തത്. അവരുടെ ഭരണകാലത്താണ് അടുത്ത കാലത്ത് ലോകത്ത് ഏറ്റവുമധികം അപലപിക്കപ്പെട്ട റോഹിംഗ്യന്‍ വേട്ടനടക്കുന്നത്. അതിന്റെ പേരില്‍ ഓങ്‌സാന്‍ സൂയ്കിക്ക് 1991 ല്‍ ലഭിച്ച സമാധാനത്തിനുള്ള നോബല്‍ പ്രൈസ് തിരിച്ചെടുക്കണം എന്ന ആവശ്യം മനുഷ്യാവകാശസംഘടനകള്‍ ഉയര്‍ത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം 2012 ല്‍ അവര്‍ക്ക് സമ്മാനിച്ച ഏലീ വെയ്‌സല്‍ അവാര്‍ഡ് ഇതേ കാരണത്താല്‍ തിരിച്ചെടുക്കപ്പെട്ടിരുന്നു.
2018 ല്‍ പട്ടാളഭരണകൂടം സൂയ്കിയെ വീണ്ടും വീട്ടുതടങ്കലിലാക്കുകയും പരിപൂര്‍ണ്ണമായി രാജ്യത്തെ അതിന്റെ കീഴിലാക്കുകയും ചെയ്തു. റോഹിംഗ്യന്‍ കൂട്ടക്കൊലയെ അവര്‍ അപലപിക്കാത്തത് പട്ടാളത്തെ ഭയന്നിട്ടാകാം എന്നത് ലോകം യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കുന്നത് ഈയവസരത്തില്‍ മാത്രമാണ്. ജനാധിപത്യപരമായി തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് ഭൂരിപക്ഷം കുറവാണ് മ്യാന്‍മര്‍ പാര്‍ലമെന്റില്‍. മറ്റേതും രാജ്യത്തും കാണാത്തവണ്ണം പട്ടാള ഓഫീസര്‍മാരാണ് പ്രഭുസഭയില്‍ ഭുരിഭാഗവും.