മ്യാന്മറിലെ ജനാധിപത്യ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഓങ് സാന്‍ സൂചിയെ വീട്ടുതടങ്കലിൽ നിന്ന് ഏകാന്ത തടവിലേക്ക് മാറ്റി. 2021 ഫെബ്രുവരിയിലെ അട്ടിമറിക്ക് ശേഷം തടങ്കലിലാക്കിയ സൂചിയെ സൈന്യം ബുധനാഴ്ചയാണ് തലസ്ഥാനമായ നേപിതോയിലെ ജയിലിലേക്ക് സൂചിയെ മാറ്റിയത്. ആദ്യം സ്വന്തം വീട്ടിലും പിന്നീട് അജ്ഞാതകേന്ദ്രത്തിലുമായിരുന്നു സൂചി.
രാജ്യത്തെ ക്രിമിനൽ നിയമം അനുസരിച്ചാണ് നടപടിയെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. സൂചിയുടെ വിചാരണയും ജയിലിനുള്ളില്‍ മതിയെന്നാണ് പട്ടാളകോടതിയുടെ തീരുമാനം. 150 വര്‍ഷത്തോളം തടവുശിക്ഷ ലഭിക്കുന്ന വിവിധ കുറ്റങ്ങളാണ് പട്ടാളകോടതി അവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
അഴിമതി, പട്ടാളത്തിനെതിരേ ജനങ്ങളെ ഇളക്കിവിടല്‍, കോവിഡ് പ്രോട്ടോകോള്‍ ലംഘനം തുടങ്ങിയവയാണ് സൂചിക്കെതിരായ മറ്റ് കുറ്റങ്ങള്‍. കഴിഞ്ഞ ഏപ്രിലില്‍ ആറു ലക്ഷം ഡോളറും 11.4 കിലോ ഗ്രാം സ്വർണവും യാങ്കൂണിലെ മുൻ മുഖ്യമന്ത്രിയായ ഫിയോ മിൻ തീനിൽനിന്ന് കൈക്കൂലിയായി സ്വീകരിച്ചുവെന്ന് ആരോപിച്ച് മ്യാന്മറിലെ മുൻ സ്‌റ്റേറ്റ് കൗൺസിലർ സൂചിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു.
പട്ടാള ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനും നാലു വര്‍ഷവും. സെക്ഷൻ 505 (b) പ്രകാരം രണ്ടു വർഷവും ദുരന്തനിവാരണ നിയമപ്രകാരം രണ്ടു വർഷവുമാണ് ശിക്ഷ വിധിച്ചത്.