ഹിസ്ബുള്ളയെ പുറത്താക്കിയില്ലെങ്കിൽ ലെബനന് ഗാസയുടെ അവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയില്‍ നിന്ന് നിങ്ങളുടെ രാജ്യത്തെ മോചിപ്പിച്ചാല്‍ മാത്രമെ ഈ യുദ്ധം അവസാനിക്കുകയുള്ളൂ എന്ന് നെതന്യാഹു ലെബനൻ ജനതയ്ക്കായുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 50 ഹിസ്ബുള്ള അംഗങ്ങളെ വ്യോമാക്രമണത്തിലൂടെ വധിച്ചെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. 36 പേർ കൊല്ലപ്പെട്ടതായാണ് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 150 പേർക്ക് പരുക്കേറ്റതായും മന്ത്രാലയം അറിയിച്ചു. മൂന്ന് ആഴ്ചയായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 1,400 പേർ കൊല്ലപ്പെട്ടതായും 12 ലക്ഷത്തോളം പേർ പലായനം ചെയ്തതായുമാണ് ലെബനൻ അധികൃതർ അറിയിക്കുന്നത്.
തെക്ക്- പടിഞ്ഞാറൻ ലെബനനിലേക്ക് ആയിരക്കണക്കിന് ട്രൂപ്പുകളെ വിന്യസിച്ച് ഇസ്രയേൽ അധിനിവേശം വിപൂലികരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നെതന്യാഹുവിന്റെ വാക്കുകള്‍. ഹിസ്ബുള്ളയുടെ മുൻ നേതാവായിരുന്നു ഹസൻ നസറള്ളയുടെ പിൻഗാമികളെ ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) കൊലപ്പെടുത്തിയതായും നെതന്യാഹു അവകാശപ്പെട്ടു.
ഹാഷിം സഫീദ്ദീന്റെ മരണം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഐഡിഎഫ് അറിയിക്കുന്നത്. നസറുള്ളയുടെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന സഫീദ്ദീന്റെ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ചയാണ് സഫീദ്ദീനെ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയത്. തിരിച്ചടികളില്‍ നിന്ന് ഹിസ്ബുള്ള മുക്തമായതായി നസറള്ളയുടെ മുൻ ഡെപ്യൂട്ടിയായ നായി കാസിം പറഞ്ഞു.
ലെബനനില്‍ നടക്കുന്ന സംഘർഷത്തിന്റെ പ്രത്യാഘാതം ദുരന്ത സമാനമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ തലവൻ പറയുന്നത്. ജനങ്ങളുടെ വിശപ്പടക്കാൻ ലെബനന് സാധിക്കുമോയെന്ന കാര്യത്തില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ആശങ്കയറിയിച്ചിട്ടുണ്ട്. കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെട്ടതാണ് ഇതിനുപിന്നിലെ കാരണം. കഴിഞ്ഞ ഒരു വർഷത്തിനിടെ 12 ലക്ഷം പേരാണ് പലായനം ചെയ്തതെന്നും ലെബനൻ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. 1.80 ലക്ഷം പേർ അഭയാർത്ഥി കേന്ദ്രങ്ങളിലും കഴിയുന്നു.