ഗൾഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ നോക്കിയിരിക്കുന്ന നിരവധിപ്പേരുണ്ട്. അവസരങ്ങൾ നോക്കുന്നതിനൊപ്പം തന്നെ അവിടെ തൊഴിൽ നിയമങ്ങളിൽ വരുന്ന പരിഷ്കാരങ്ങളും റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളിലെ മാറ്റങ്ങളുമെല്ലാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം യുഎഇയിൽ ഇനി ദേശീയ തൊഴിലാളി അനുപാതം പാലിക്കുന്ന കമ്പനികൾക്കു മാത്രമേ പുതിയ റിക്രൂട്മെന്റിന് അനുമതിയുള്ളൂ.
വിദേശികൾ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിൽ 20% വ്യത്യസ്ത രാജ്യക്കാരാകണമെന്ന നിയമം വെള്ളിയാഴ്ചയാണു പ്രാബല്യത്തിൽ വന്നത്. അതായത് കമ്പനിയിലെ 80 ശതമാനത്തിൽ കൂടുതൽ പേർ ഒരേ രാജ്യക്കാരാകാൻ പാടില്ല. എന്നാൽ, ഈ മാസം 19നു മുൻപ് അപേക്ഷിച്ചവരുടെ വീസയ്ക്ക് തടസ്സമില്ല. കഴിഞ്ഞ ദിവസം മുതലുള്ള അപേക്ഷകളിൽ ദേശീയ അനുപാതം പരിഗണിക്കും. ഉദാഹരണത്തിന്, 5 പേരെ റിക്രൂട്ട് ചെയ്യുകയാണെങ്കിൽ ഒരാൾ വ്യത്യസ്ത രാജ്യത്തു നിന്നാകണം എന്നതാണു നിബന്ധന.
ആദ്യം ഇതര രാജ്യത്തെ തൊഴിലാളിയുടെ അപേക്ഷയാണു നൽകേണ്ടതും. ഇത് അംഗീകരിച്ചാൽ മറ്റു 4 പേർ ഒരേ രാജ്യക്കാരാണെങ്കിലും വീസ പാസാകും. നിലവിലുള്ള ജീവനക്കാരെല്ലാം ഒരേ രാജ്യക്കാരാണെങ്കിൽ പുതുതായി റിക്രൂട്ട് ചെയ്യുന്നയാൾ വിദേശിയായിരിക്കണമെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സൂചിപ്പിച്ചു. അതേസമയം, തൊഴിൽ വീസ റദ്ദാക്കി 3 മാസം കവിയാത്തവരുടെ പുതിയ തൊഴിൽ വീസ അപേക്ഷകൾ തൊഴിൽ മന്ത്രാലയം സ്വീകരിച്ചു തുടങ്ങി.