നിമിഷ പ്രിയയുടെ മോചനം: ദയാധനമായി തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത് 50 ദശലക്ഷം റിയാല്‍

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായാണ് റിപ്പോര്‍ട്ട്. കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നല്‍കി മാപ്പ് അപേക്ഷിച്ച് മോചനത്തിനുള്ള അവസരം ഉപയോഗിക്കാനാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനായി തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനുള്ള നടപടികള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. നിമിഷയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുക.

കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ച നടത്താനായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ അടുത്ത തീരുമാനം. ഇതിനായി നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യെമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്.

2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നുമാണ് കേസ്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം ആയിരുന്നു മരുന്ന് കുത്തിവച്ചത്.