'അല്ല, ഞാനൊരു വംശീയവാദിയേയല്ല' അസഭ്യവര്‍ഷം നടത്തിയെന്ന ആരോപണങ്ങളെ പ്രതിരോധിച്ച് ട്രംപ്

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്ന ആരോപണങ്ങളെ പ്രതിരോധിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. താനൊരു വംശീയവാദിയേയല്ലെന്ന് ട്രംപ് പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്രംപിന്റെ പരാമര്‍ശം വന്‍വിവാദമായതിനെ തുടര്‍ന്നാണ് താനൊരു വംശീയവാദിയല്ലെന്ന ന്യായീകരണവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

ഞായറാഴ്ച തന്റെ സ്വകാര്യ ഗോള്‍ഫ് ക്ലബില്‍ അത്താഴത്തിന് എത്തിയപ്പോഴായിരുന്നു ട്രംപ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. ജനങ്ങളെ താങ്കളെ ഒരു വംശീയവാദിയായിട്ടാണ് കാണുന്നത്.എന്താണിതില്‍ അഭിപ്രായം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അല്ല, അല്ല ഞാനോരു വംശീയവാദിയല്ല. നിങ്ങള്‍ അഭിമുഖം നടത്തിയതില്‍ ഏറ്റവും കുറവ് വംശീയചിന്ത ഉള്ള വ്യക്തി ഞാനായിരിക്കും എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും എന്ന ട്രംപ് പറഞ്ഞു.

അമേരിക്കയുടെ കുടിയേറ്റ നിയമങ്ങളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്. ഇത്തരം “ഷിറ്റ്ഹോള്‍” രാജ്യങ്ങളെ അമേരിക്ക എന്തിന് സ്വീകരിക്കണമെന്ന് ട്രംപ് അന്ന് ചോദിച്ചിരുന്നു. കരീബിയന്‍ രാജ്യമായ ഹെയ്ത്തിയെ പേരെടുത്ത് പറഞ്ഞായിരുന്നു ട്രംപിന്റെ അധിക്ഷേപം.ഇത്രയും ഹെയ്ത്തിക്കാരെ എന്തിന് അമേരിക്ക ചുമക്കണമെന്നും അദ്ദേഹം ചോദിച്ചിരുന്നു. ട്രംപിന്റെ ഇത്തരം പരാമര്‍ശങ്ങളില്‍ സെനറ്റ് അംഗങ്ങള്‍ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.