വിവിധ കാരണങ്ങളാല്‍ വിമാനങ്ങള്‍ അടിയന്തര ലാന്റിംഗ് നടത്തിയ വാര്‍ത്തകള്‍ നാം അറിയാറുണ്ട്. എന്നാല്‍ അമേരിക്കയിലെ ഫിനിക്‌സില്‍ ജൂണ്‍ 15ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അടിയന്തര ലാന്റിംഗ് നടത്തിയതിന്റെ കാരണം പുറത്തുവന്നതോടെ കേള്‍ക്കുന്നവര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്.
ലോസ് ആഞ്ജല്‍സില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 2201 എന്ന വിമാനമാണ് ഫിനിക്‌സില്‍ അടിയന്തര ലാന്റിംഗ് നടത്തിയത്. വിമാനത്തിലെ യാത്ര ചെയ്തിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന ടിക് ടോക് താരമാണ് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സംഭവം പുറത്തുവിട്ടത്.
വിമാനത്തിലെ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ വിമാനത്തിലെ മറ്റൊരു യാത്രക്കാരിയുടെ മുടിയിഴകളില്‍ പേനിനെ കണ്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്റിംഗ് നടത്തിയത്. യുവതിയുടെ മുടിയിഴകളില്‍ പേനിനെ കണ്ടതിന് പിന്നാലെ യാത്രക്കാര്‍ വിവരം വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. ജീവനക്കാര്‍ പൈലറ്റിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിമാനം ഫിനിക്‌സില്‍ അടിയന്തര ലാന്റിംഗ് നടത്തി.
ഇതേ തുടര്‍ന്ന് വിമാനം 12 മണിക്കൂര്‍ വൈകിയതായി ഏഥന്‍ ജുഡെല്‍സണ്‍ പറയുന്നു. ആരോഗ്യ അടിയന്തരാവസ്ഥയെന്ന അറിയിപ്പോടെയാണ് വിമാനം ഫിനിക്‌സില്‍ ഇറക്കിയത്. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസിക്കാനുള്ള വൗച്ചറുകള്‍ നല്‍കുകയും ചെയ്തു.