സ്വന്തം മകളുടെ പേര് മറ്റാർക്കും പാടില്ല എന്ന വിചിത്ര ഉത്തരവുമായി ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉൻ. തന്റെ മകളുടെ പേര് മറ്റാർക്കും പാടില്ലെന്ന് മാത്രമല്ല , നിലവിൽ മകളുടെ പേര് ഏതെങ്കിലും സ്ത്രീകൾക്കോ പെൺകുട്ടികൾക്കോ ഉണ്ടെങ്കിൽ ജനന സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടെ അത് മാറ്റാനും നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. കിം ജോങ് ഉന്നിന്റെ മകളുടെ പേരുള്ള സ്ത്രീകളെയും പെൺകുട്ടികളെയും പേര് മാറ്റാൻ നിർബന്ധിതരാക്കുകയാണ് ഉത്തര കൊറിയയിലെ അധികാരികൾ.
പ്യോങ്‌സോങ് സിറ്റി സെക്യൂരിറ്റി ഡിപ്പാർട്മെന്റ് ജു എ എന്ന പേരുള്ള സ്ത്രീകളെയും കുട്ടികളെയും ഇതിനായി ഓഫീസിലേക്ക് വിളിപ്പിച്ചതായും ഒരാഴ്ചക്കുള്ളിൽ പേര് മാറ്റണമെന്ന് നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല, ഇനി ജനിക്കുന്ന കുട്ടികള്‍ക്ക് മകളുടെ പേര് ഇടുന്നതും വിലക്കിയിരിക്കുകയാണ് കിം ജോങ് ഉൻ. വടക്കൻ പ്യോങ്‌സോങ്ങിലും തെക്കൻ പ്യോങ്‌സോങ്ങിലും താമസിക്കുന്ന ജു ഏ എന്ന പേരുള്ളവരോട് ഉടൻ തന്നെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് പ്രാദേശിക ഭരണകൂടം കത്ത് നൽകിയതായും റിപ്പോർട്ടിലുണ്ട്. ഉത്തര കൊറിയയില്‍ നേതാക്കളുടെയും അവരുടെ അടുത്ത കുടുംബാംഗങ്ങളുടെയും പേരുകള്‍ മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ നേരത്തെ തന്നെ വിലക്കിയിരുന്നതായി വാർത്തകളിലുണ്ടായിരുന്നു. 2014ല്‍ തന്റെ പേര് ജനങ്ങള്‍ ഉപയോഗിക്കുന്നതും കിം ജോങ് ഉൻ വിലക്കിയിരുന്നു
കിം ജു എ എന്നാണ് കൊറിയൻ നേതാവിന്റെ മകളുടെ പേര്. ഒൻപത് വയസുകാരിയായ ജു എ ഈയിടെയായി വാർത്തകളിൽ സജീവമായി പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ കിം ജോങ് ഉന്നിനൊപ്പം ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനായി എത്തിയ ജു എ വാർത്തകളിൽ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. വെള്ള ജാക്കറ്റും ചുവന്ന ഷൂസും ധരിച്ച് ഭീമൻ മിസൈലിന് അരികിൽ കൂടി കിം ജോങ് ഉന്നിന്റെ കൈ പിടിച്ചു നടന്നു പോകുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്. ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ടാണ് മകൾ ജുഎയെ കിം ആദ്യമായി പൊതുവേദിയിൽ കൊണ്ടുവരുന്നത്.
മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞരുമായി കിം നടത്തിയ ചർച്ചകളിലും ജു എ ഉണ്ടായിരുന്നു എന്നതും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. പട്ടാളക്കാർക്ക് ഹസ്തദാനം നൽകുന്നതും അവരോടൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയിൽ പിതാവിനൊപ്പം പോസ് ചെയ്യുന്നതുമായ ജു എയുടെ ചിത്രങ്ങൾ ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് പുറത്തു വിട്ടത്. മിസൈൽ പരേഡ് നിരീക്ഷിക്കുന്നതിലും പട്ടാളത്തിലെ മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരോടൊപ്പം ഭക്ഷണം കഴിക്കുന്നതിലടക്കമുള്ള കാര്യങ്ങളില്‍ കിമ്മിനൊപ്പം ഭാര്യയും മകളും ഉണ്ടായിരുന്നെങ്കിലും മകളുടെ ചിത്രങ്ങൾ മാത്രമാണ് ചർച്ച ചെയ്യപ്പെട്ടത്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ മകളെ കൊണ്ടുവരുന്നതിലൂടെ തന്റെ പിൻഗാമിയാണെന്ന് കിം അനൗദ്യോഗികമായി പ്രഖ്യാപിക്കുകയാണു ചെയ്യുന്നതെന്നാണ് നിരീക്ഷകരുടെ വാദം. ഈ മാസം നടന്ന ഒരു പ്രധാന സൈനിക വാർഷിക ആഘോഷത്തിലും ജു എ രണ്ടു തവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ ഉത്തര കൊറിയയുടെ അടുത്ത അവകാശി ജു എ തന്നെ ആയിരിക്കും എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. പൊതുവേദിയില്‍ മകളുമായി എത്തുന്നത് അച്ഛന്‍-മകള്‍ ബന്ധം മാത്രമായി കാണാൻ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.
ജു എയുടെ ചിത്രങ്ങള്‍ രാജ്യത്തിന്റ സ്റ്റാംപുകളില്‍ ആലേഖനം ചെയ്യാന്‍ ഉത്തര കൊറിയ തീരുമാനിച്ചിരുന്നു. നവംബര്‍ 18 ന് നടന്ന മിസൈല്‍ വിക്ഷേപണത്തിന്റെ ഓർമയ്ക്കായി ഉത്തര കൊറിയന്‍ സ്റ്റാംപ് കോര്‍പറേഷന്‍ പുറത്തിറക്കിയ അഞ്ച് സ്റ്റാമ്പുകളിൽ കിമ്മും മകളുമുണ്ട്.കിമ്മിന്റെ പ്രിയപ്പെട്ട മകള്‍ എന്ന അടിക്കുറിപ്പോടു കൂടി സ്റ്റാംപുകള്‍ ഇന്ന് പുറത്തിറക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. 2009ലാണ് ഗായികയായ റി സോൾ ജൂവിനെ കിം വിവാഹം ചെയ്തത്. മൂന്ന് കുട്ടികളാണ് കിമ്മിനുള്ളത്. ഇവരിൽ രണ്ടാമത്തെയാളാണ് ജു എ. ഒരു സഹോദരനും ഒരു സഹോദരിയുമാണ് ജു എയ്ക്ക് ഉള്ളതെന്നാണ് കരുതുന്നത്. കിമ്മിന്റെ മൂത്ത മകനായിരിക്കും രാജ്യാധികാരത്തിൽ എത്തുകയെന്നാണ് വ്യാപകമായി വിശ്വസിക്കപ്പെടുന്നത്. എന്നാൽ, ആണവായുധങ്ങളുടെ ഭാരം തന്റെ കുട്ടികൾ വഹിക്കുന്നത് കാണാൻ താൻ ഇഷ്ടപെടുന്നില്ലെന്ന് കിം ജോങ് ഉൻ സിംഗപ്പൂരിൽ നടന്ന ഒരു ചർച്ചയിൽ വച്ച് യുഎസ് ആഭ്യന്തര സെക്രട്ടറി മൈക് പോംപായോട് പറഞ്ഞിരുന്നു.