ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് കൂടുതല്‍ വിശദീകരണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയെ പ്രകോപിപ്പിക്കാനല്ല തങ്ങള്‍ ശ്രമിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയം അതീവഗൗരവത്തോടെ കാണണമെന്നും അദേഹം പറഞ്ഞു. തങ്ങള്‍ കാര്യഗൗരവം മാത്രമാണ് ഉദ്ദേശിച്ചത്. അക്കാര്യം ഇന്ത്യ മനസിലാക്കണമെന്നും ട്രൂഡോ പറഞ്ഞു.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ ആരോപിച്ചത്. എന്നാല്‍ ഇന്ത്യ ഈ വിഷയത്തെ ശരിയായ രീതിയില്‍ അഭിസംബോധന ചെയ്യാന്‍ തയാറാകണമെന്നും ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു. വിഷയം ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലന്നും ജസ്റ്റിന്‍ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് ഇന്ത്യ മറുപടി നല്‍കിയിരുന്നു. മുതിര്‍ന്ന കാനഡ നയതന്ത്ര പ്രതിനിധിയെ പുറത്താക്കാന്‍ ഇന്ത്യയും തീരുമാനിച്ചു. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ അറിയിച്ചു. ഹൈക്കമ്മിഷണറെ രാവിലെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ തീരുമാനം അറിയിച്ചത്. പുറത്താക്കുന്ന ഈ നയതന്ത്രജ്ഞന്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണമെന്നും കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെയാണ് കൂടുതല്‍ വിശദീകരണവുമായി ട്രൂഡോ രംഗത്ത് എത്തിയത്.