സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം: മലയാളികള്‍ അടക്കമുള്ളവരെ തടഞ്ഞ് ഒമാന്‍; വിസാ നിയന്ത്രണം ഏര്‍പ്പെടുത്തി; കേരളത്തിന് കനത്ത തിരിച്ചടി

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടപടികളുമായി ഒമാന്‍.
സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കാന്‍ വീണ്ടും വിസാ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

13 തൊഴില്‍ മേഖലയില്‍ ആറുമാസത്തേക്കാണ് നിയന്ത്രണം നടപ്പിലാക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. നിയമം സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ രാജ്യത്തുള്ള വിദേശി തൊഴിലാളികള്‍ക്ക് നിയമം ബാധകമായിരിക്കില്ലെന്നും തൊഴില്‍ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി വിദേശികള്‍ ജോലിചെയ്യുന്ന തൊഴില്‍ മേഖലയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കേരളത്തിന് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

Read more

നിര്‍മാണ മേഖല, ശുചീകരണ മേഖല, കയറ്റിറക്ക് തൊഴിലുകള്‍, മേശന്‍, സ്റ്റീല്‍ അനുബന്ധ തൊഴിലുകള്‍, തുന്നല്‍, ഹോട്ടല്‍ വെയിറ്റര്‍, പെയിന്റിങ് തൊഴില്‍, പാചകത്തൊഴിലുകള്‍, ഇലക്ട്രീഷന്‍, ബാര്‍ബര്‍ എന്നീ മേഖലകളിലാണ് ഒമാന്‍ താല്‍ക്കാലികമായി വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതോടെ ഒമാനിലേക്ക് ജോലിക്കായുള്ള കുടിയേറ്റം പൂര്‍ണമായും അവസാനിക്കുമെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.