ഒമൈക്രോണ്‍: ഉപവകഭേദത്തില്‍ ആശങ്ക, ജാഗ്രതാനിര്‍ദ്ദേശവുമായി ഡബ്ല്യു.എച്ച്.ഒ

കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). മൂന്നാം തരംഗംത്തില്‍ അതിവേഗം പടര്‍ന്നുപിടിച്ച ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം കുറയുന്നുണ്ട്. എന്നാല്‍ ഒമൈക്രോണിന്റെ ഉപവകഭേദവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത് തുടങ്ങിയ സാഹചര്യത്തിലാണ് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പുമായി എത്തിയത്.

കൊറോണ വൈറസിന് രൂപാന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒമൈക്രോണിന് നിരവധി ഉപവകഭേദങ്ങളുണ്ട്. ഇതിനെ കുറിച്ച് പഠനങ്ങള്‍ നടക്കുകയാണ്. BA.1, BA.1.1, BA.2, BA.3 എന്നീ ഉപ വകഭേദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഡെല്‍റ്റയെ മറികടന്ന് ലോകമെമ്പാടും ഒമൈക്രോണ്‍ വകഭേദം വ്യാപിച്ചത് അവിശ്വസനീയമാണെന്ന് ഡബ്ല്യു.എച്ച്.ഒ കോവിഡ് സാങ്കേതിക മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.

BA.1 ഉപവകഭേദമാണ് കൂടുതലായും കാണുന്നത്. എന്നാല്‍ BA.2 ന്റെ സാന്നിദ്ധ്യവും വര്‍ദ്ധിക്കുകയാണ്. ഈ ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ BA. 2 ഉപവകഭേദം BA.1 നേക്കാള്‍ മാരകമാണെന്നതിന് തെളിവുകളൊന്നും ഇല്ലെന്ന് കെര്‍ഖോവ് വ്യക്തമാക്കി. ഈ വകഭേദങ്ങളെ നിരീക്ഷിച്ച് വരികയാണ്. ഒമൈക്രോണിന് ഡെല്‍റ്റയേക്കാള്‍ തീവ്രത കുറവാണെങ്കിലും ജാഗ്രത പാലിക്കണമെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച മാത്രം കോവിഡ് ബാധ മൂലം 75,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. കണക്കുകള്‍ പ്രകാരം ലോകമെമ്പാടും രേഖപ്പെടുത്തിയിരിക്കുന്ന അഞ്ച് പുതിയ ഒമൈക്രോണ്‍ കേസുകളില്‍ ഒന്ന് BA.2 ആണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, അര്‍മേനിയ, അസര്‍ബൈജാന്‍, ബെലാറസ്, ജോര്‍ജിയ, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയിലധികമായതായി ഡബ്ല്യു.എച്ച്.ഒ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ പറഞ്ഞു. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ഡബ്ല്യു.എച്ച്.ഒ നിര്‍ദ്ദേശം നല്‍കി.

Read more

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതില്‍ മിതത്വം പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ അറിയിച്ചു.