നേപ്പാളിന്റെ ചരിത്രത്തിൽ ആദ്യമായി ഓണം ആഘോഷിച്ച് കാഠ്മണ്ഡുവിലുള്ള കാദംബരി മെമ്മോറിയൽ കോളേജ് ഓഫ് സയൻസ് ആൻഡ് മാനേജ്‌മെന്റ്. കേരളത്തിൽ പ്രവർത്തിക്കുന്ന ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ.യുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്റർനാഷണൽ സോഷ്യൽ വർക്ക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് നേപ്പാളിൽ ഓണാഘോഷം നടത്തിയത്.
ബെറ്റർ ലൈഫ് ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി ഡോ. കാർത്തിക മണിയറ, രേവതി രാജ്, നിയാസ് എം.എ, കാദംബരി മെമ്മോറിയൽ കോളേജിൽ പ്രിൻസിപ്പൽ പ്രതിപ്ത കാദംബരി എന്നിവരാണ് ഓണാഘോഷത്തിന് നേതൃത്വം നൽകിയത്. ഓണാഘോഷത്തിന്റെ ഭാഗമായി കോളേജ് മുറ്റത്ത് വിദ്യാർത്ഥികൾക്കൊപ്പം ഓണപ്പൂക്കളം ഇട്ടു. കേരള സ്റ്റൈൽ വസ്ത്രവും നേപ്പാൾ സ്റ്റൈൽ വസ്ത്രവും ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് ഓണസദ്യയും നൽകി.
പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ പ്രതിപ്ത കാദംബരിക്ക് ഓണസമ്മാനമായി കേരള സാരിയും കേരള വിഭവങ്ങളും നൽകി. ചടങ്ങിൽ ഡോ. കാർത്തികയും രേവതി രാജുവും ബെറ്റർ ലൈഫ് ഫൗണ്ടേഷനെക്കുറിച്ചും കാസർകോട് ജില്ലയുടെ പ്രത്യേകതകളെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു.