ജപ്പാനിൽ നിന്നുള്ള ക്രൂയിസ് കപ്പലിലെ ഒരു ഇന്ത്യൻ ജീവനക്കാരന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി, കപ്പലിൽ വൈറസ് ബാധിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം ഏഴായി വർധിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
യാത്രക്കാരും കപ്പൽ ജീവനക്കാരും ഉൾപ്പെടെ 3,711 പേരിൽ 621 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ചൊവ്വാഴ്ച 88 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതിന് ഒരു ദിവസം മുമ്പ് 99 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി.
ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ കൊറോണ വൈറസ് (COVID19-കോവിഡ് -19) പുതുതായി സ്ഥിരീകരിച്ച 88 പേരിൽ ഒരു ഇന്ത്യക്കാരനും ഉണ്ടെന്നും ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി എന്നും ട്വീറ്റിൽ ഇന്ത്യൻ എംബസി അറിയിച്ചു.
നേരത്തെ ആറ് ഇന്ത്യക്കാർക്ക് കോവിഡ് -19 ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരായ ഇന്ത്യക്കാർ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നാണ് അറിയിപ്പ്.
ഈ മാസം ആദ്യം ജാപ്പനീസ് തീരത്ത് എത്തിയ കപ്പലിലെ 3,711 പേരിൽ 132 ക്രൂവും 6 യാത്രക്കാരുമടക്കം 138 ഇന്ത്യക്കാർ ഉൾപ്പെടുന്നു.