ട്രംപിന്റെ ഭീഷണി, പാക്കിസ്ഥാന്‍ ഭീകരരെ അഫ്ഗാന് കൈമാറി

പാക്കിസ്ഥാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാല്‍ഡ് ട്രംപിന്റെ വിമര്‍ശനത്തെ തുടര്‍ന്ന് ഭീകരരെ പാക്കിസ്ഥാന്‍ അഫ്ഗാന് കൈമാറി. താലിബാന്റെയും ഹഖാനി നെറ്റ് വര്‍ക്കിന്റെയും ഭീകരരെ കൈമാറിയ വിവരം പാക്ക് ഉന്നത ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്.

ഭീകരവാദത്തിന്റെ പേരില്‍ 6000ത്തോളം സൈനികരെയും 75,000 പൗരന്മാരെയുമാണ് പാക്കിസ്ഥാന് നഷ്ടമായത്. 27 ഭീകരരെയാണ് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന് കൈമാറിയതെന്നാണ് പാക്ക് അറിയിച്ചത്. പാക്കിസ്ഥാന്റെ തീരുമാനത്തില്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനിയില്‍ നിന്ന് മറുപടി ലഭിച്ചതായി പാക്ക് വിദേശകാര്യ സെക്രച്ചട്ടറി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.

ഭീകരവാദികള്‍ക്ക് സഹായം നല്‍കുകയാണ് പാക്കിസ്ഥാന്റെ നയമെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. അമേരിക്കകാരുടെ ജീവന് ഭീഷണിയായ ഭീകരവാദികള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കിയിട്ടുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയത് അടുത്തിടെ അമേരിക്ക റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് വന്നത്.