ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ കര്‍ശന നടപടികള്‍ കൈക്കൊണ്ടതിനെ തുടര്‍ന്ന് പാക് വ്യോമാതിര്‍ത്തി അടച്ച് പാകിസ്ഥാന്‍. പാകിസ്ഥാനില്‍ ചേര്‍ന്ന ദേശീയ സുരക്ഷ സമിതി യോഗത്തിന് പിന്നാലെയാണ് തീരുമാനം. പാക് വ്യോമാതിര്‍ത്തി അടയ്ക്കാനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനുമാണ് യോഗത്തിന് ശേഷം പാകിസ്ഥാന്റെ തീരുമാനം.
വാഗ അതിര്‍ത്തിയും പാകിസ്ഥാന്‍ അടച്ചു. ഇന്ത്യയുടെ സൈനിക നടപടി ഭയന്നാണ് തീരുമാനമെന്നാണ് വിലയിരുത്തലുകള്‍. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്ര-വ്യാപാര കരാറുകളെല്ലാം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെ ജലയുദ്ധമായാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്.
സിന്ധുനദീജല കരാര്‍ മരവിപ്പിക്കുന്നത് പാകിസ്ഥാന്റെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2019 ല്‍ പുല്‍വാമയിലും ഉറിയിലും ആക്രമണം നടന്നപ്പോഴും ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചിരുന്നില്ല. പ്രധാനമന്ത്രി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഇതിന് പിന്നാലെയാണ് പാക് വ്യോമാതിര്‍ത്തി അടയ്ക്കാനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനും പാകിസ്ഥാന്റെ തീരുമാനം. നേരത്തെ പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചപ്പോഴും ഇത്തരത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു.