അമേരിക്കയെ അനുനയിപ്പിക്കാനൊരുങ്ങി പാകിസ്താന്‍; ഹാഫിസ് സയീദിന്റെ സംഘടനയുടെ ഫണ്ട് പിരിവ് നിരോധിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ ഇ തയിബയുടെ സ്ഥാപകനുമായ ജമാത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിന്റെ സന്നദ്ധ സംഘടനയുടെ ഫണ്ട് പിരിവ് പാകിസ്താന്‍ നിരോധിച്ചു. അമേരിക്ക ആഗോള തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സയീദ് നേതൃത്വം നല്‍കുന്ന രണ്ടു ജീവകാരുണ്യ സംഘടനകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനുള്ള ഉത്തരവ് 2017 ഡിസംബര്‍ 19 ന് വിവിധ ഫെഡറല്‍ സര്‍ക്കാരുകള്‍ക്കും വകുപ്പുകള്‍ക്കും കൈമാറിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്് ചെയ്യുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നതിന്റെ പേരില്‍ അമേരിക്കയുമായുള്ള ബന്ധം വഷളായതിന്റെ തൊട്ടുപിറകെയാണ് പാകിസ്താന്റെ നടപടി.

2018ലെ ആദ്യ ട്വീറ്റിലാണ് പാക്കിസ്ഥാനെതിരെ അതിശക്തമായ ഭാഷയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കോടിക്കണക്കിന് ഡോളറിന്റെ സഹായം നല്‍കിയിട്ടും പാക്കിസ്താന്‍ നുണയും വഞ്ചനയും തുടരുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇത് ഇനി നടപ്പില്ലെന്നും ട്രംപ് തുറന്നടിച്ചു. യുഎസ് നടപടി സയീദിനെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

ആഗോള തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സയീദിന്റെ തലക്ക് അമേരിക്ക ഒരു കോടി ഡോളര്‍ വിലയിട്ടിട്ടുണ്ട്. 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സയീദിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകള്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവ നടത്തുന്നുണ്ട്. ജെയുഡി, എഫ്‌ഐഎഫ് എന്നിവയില്‍ മാത്രം 50,000 സന്നദ്ധ പ്രവര്‍ത്തകരും നൂറുകണക്കിനു ജീവനക്കാരുമുണ്ട്.