ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയം; നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിച്ച് പാകിസ്ഥാന്‍; വ്യോമസേന വിമാനങ്ങളുടെ ബേസുകള്‍ മാറ്റി; പിക്കറ്റുകളില്‍ നിന്നും പട്ടാളം പിന്‍വലിഞ്ഞു

ജമ്മു കാഷ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ പാകിസ്ഥാന്‍ ഒഴിപ്പിച്ചു. പാക്കിസ്ഥാന്‍ വ്യോമസേനയോട് ജാഗ്രത പുലര്‍ത്താനും പാക്കിസ്ഥാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാന്റെ തെക്കന്‍ പട്ടണങ്ങളിലെ താവളങ്ങളിലുണ്ടായിരുന്ന വ്യോമസേന വിമാനങ്ങള്‍ വടക്കുള്ള ബേസുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതിര്‍ത്തികളിലെ പിക്കറ്റുകളില്‍ നിന്നും പാക്കിസ്ഥാന്‍ പട്ടാളം പിന്‍വലിഞ്ഞിട്ടുണ്ട്.

അതേസമയം, ഭീകരാക്രമണത്തില്‍ ബന്ധമില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഒരു തരത്തിലുമുള്ള ഭീകരതയെയും പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തെളിവുകള്‍ ലഭിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിയന്ത്രണത്തിലാണ് ആക്രമണം നടന്നതെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന് ലഭിക്കുന്ന വിവരം.

ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കറെ ത്വയ്യിബ കമാന്‍ഡര്‍ സെയ്ഫുല്ല കസൂരി എന്ന ഖാലിദ് ആണെന്നും പാക് അധീന കശ്മീരില്‍ നിന്നാണ് ഇയാള്‍ ഇതിനുള്ള പദ്ധതിയൊരുക്കിയതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

അഞ്ചോ ആറോ ഭീകരരാണ് ആക്രമണത്തിന്റെ ഭാഗമായതെന്നും ഇവരില്‍ പലരും സമീപകാലത്ത് പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്ന് രാജ്യത്ത് നുഴഞ്ഞുകയറിയവരാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുള്ളയാളാണ് ആക്രമണം ആസൂത്രണം ചെയ്ത സെയ്ഫുല്ല കസൂരിയെന്നും അധികൃതര്‍ വിശദീകരിച്ചു. ആക്രമണം നടന്ന ബൈസരന്‍ പുല്‍മേടിന് സമീപം ദിവസങ്ങള്‍ക്കുമുമ്ബുതന്നെ ഭീകരര്‍ തമ്ബടിച്ചതായി സംശയിക്കുന്നുണ്ട്. മേഖലയിലെ വനത്തില്‍ ഉള്‍പ്പെടെ സുരക്ഷാസേന വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്.

നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. യുദ്ധസന്നാഹത്തോടെയാണ് ഭീകരര്‍ നുഴഞ്ഞുകയറിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരരില്‍ നിന്ന് ധാരാളം ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ കണ്ടെത്തി. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്തില്‍ നിന്നും കര്‍ണാടകയില്‍നിന്നും മൂന്ന് പേര്‍ വീതവും മഹാരാഷ്ട്രയില്‍നിന്ന് ആറ് പേരും കൊല്ലപ്പെട്ടു.

Read more

ബംഗാള്‍-രണ്ട്, ആന്ധ്ര-ഒന്ന്, കേരളം-ഒന്ന് എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. യുപി, ഒഡീഷ, ബിഹാര്‍, , ഉത്തരാഖണ്ഡ്, ഹരിയാന, കാഷ്മീര്‍, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍നിന്നും ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയികയിലുള്ളത്. ഒരു നേപ്പാള്‍ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.