താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക് വ്യോമാക്രമണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 46 പേര്‍ കൊല്ലപ്പെട്ടു. അതേസമയം, ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ വ്യക്തമാക്കി. ഭൂമിയും പരമാധികാരവും സംരക്ഷിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. വ്യോമാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപം പാക് താലിബാന്‍ (ടി.ടി.പി) അടുത്തിടെ നടത്തിയ ആക്രമണത്തില്‍ 16 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരം കൂടിയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണമെന്ന് പാക് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ, മാര്‍ച്ചില്‍ അഫ്ഗാനില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. 2021-ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം പാകിസ്താനുമായി നിരന്തരം സംഘര്‍ഷത്തിലാണ്. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് താലിബാന്‍ ഭണകൂടം അഭയം നല്‍കുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം.