തീവ്രവാദിയുടെ ചിത്രവുമായി പാക് മാധ്യമത്തിന്റെ കലണ്ടര്‍ വിവാദമാകുന്നു

തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ഹാഫിസ് സയീദിന്റെ ചിത്രം സഹിതം പാക് മാധ്യമം പ്രസിദ്ധീകരിച്ച കലണ്ടര്‍ വിവാദമാകുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍ ഇ-തയിബ എന്ന തീവ്രവാദ സംഘടനയുടെ നേതാവുമാണ് ഹാഫിസ് സയീദ്. പാക്കിസ്ഥാനിലെ ഉറുദു പത്രമാണ് വിവാദ കലണ്ടര്‍ പുറത്തിക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ കലണ്ടറിലാണ് ഹാഫിസ് സയീദിന്റെ ചിത്രമുള്‍പ്പെടുത്തിയിരിക്കുന്നത്.

പാക്ക് മാധ്യമപ്രവര്‍ത്തകനായ ഒമര്‍ ആര്‍ ഖുറേഷിയുടെ ട്വീറ്റിലാണ് ഈ വിവരമുള്ളത്. ഹാഫിസ് സയീദിനെ ഐക്യരാഷ്ട്രസഭയും അമേരിക്കയും തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ പേരില്‍ തടവിലായിരുന്ന ഹാഫീസ് സയീദിനെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു. ഇദ്ദേഹത്തിനു എതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നായിരുന്നു പാക്കിസ്ഥാന്‍ അഭിപ്രായപ്പെട്ടത്. പക്ഷേ ഈ വിഷയത്തില്‍ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.