വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ കലാകാരി; പലസ്തീൻ ചിത്രകാരി ദിന സൗറുബ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

പലസ്തീൻ ചിത്രകാരി ദിന ഖാലിദ് സൗറുബ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ ദിനയും കുടുംബവും താമസിക്കുന്ന ടെന്റിന് നേരെയായിരുന്നു വ്യോമാക്രമണം. ഇസ്രായേൽ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ കലാകാരിയാണ് 22 വയസ്സുള്ള ദിന. നിരവധി ഫലസ്‌തീൻ മനുഷ്യാവകാശ പ്രവർത്തകർ ദിനയുടെ മരണത്തിൽ അനുശോചിച്ചു.

പലസ്തീൻ സാംസ്‌കാരിക മന്ത്രാലയവും ദിനയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രതിഭാധനയായ ഒരു യുവതിയുടെ ജീവതം ചെറുപ്പത്തിൽ തന്നെ യുദ്ധംകൊണ്ട് മുറിച്ചുമാറ്റപ്പെട്ടെന്ന് മന്ത്രാലയം അനുശോചനക്കുറിപ്പിൽ പറഞ്ഞു. പലസ്തീൻ ജനതയുടെ പോരാട്ടത്തെ ചിത്രങ്ങളിലൂടെ ലോകത്തിന് മുന്നിലെത്തിച്ച ദിനക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2015ൽ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ചിത്രത്തിന് അൽ മീസാൻ സെൻ്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് അവാർഡ് ലഭിച്ചിരുന്നു. പലസ്തീൻ വിദ്യാഭ്യാസ വകുപ്പും യുഎൻആർഡബ്ലിയുഎയും ദിനയെ ആദരിച്ചിരുന്നു.