കത്തോലിക്ക സഭയുടെ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് ആരംഭിക്കും. പേപ്പല്‍ കോണ്‍ക്ലേവ് ആരംഭിക്കുന്നതിന്റെ ഭാഗമായി സിസ്റ്റീന്‍ ചാപ്പല്‍ താത്കാലികമായി അടച്ചു. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് പേപ്പല്‍ കോണ്‍ക്ലേവ് ആരംഭിക്കാന്‍ തീരുമാനമായത്.
പോപ്പ് ഫ്രാന്‍സിസിന്റെ വിയോഗത്തിന് ശേഷം ചേരുന്ന കര്‍ദിനാള്‍മാരുടെ അഞ്ചാമത്തെ യോഗത്തിലാണ് പേപ്പല്‍ കോണ്‍ക്ലേവ് സംബന്ധിച്ച തീരുമാനമുണ്ടായത്. ബസേലിയോസ്‌ക്ലിമ്മീസ് കാതോലിക്കാ ബാവയും ജോര്‍ജ് ജേക്കബ് കൂവക്കാടും അടക്കം 4 കര്‍ദിനാള്‍മാര്‍ ഇന്ത്യയില്‍ നിന്ന് കോണ്‍ക്ലേവില്‍ പങ്കെടുക്കും.
80 വയസ്സില്‍ താഴെ പ്രായമുള്ള 135 കര്‍ദിനാള്‍മാര്‍ക്കാണ് പേപ്പല്‍ കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളത്. മെയ് ഏഴിന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ദിവ്യബലിക്ക് ശേഷം കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലിലേക്ക് നീങ്ങും. ആദ്യ ദിവസം ഉച്ചയ്ക്ക് ശേഷം ധ്യാനപ്രസംഗത്തിന് ശേഷം ആദ്യ ബാലറ്റ്.
Read more
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായിട്ടാകും വോട്ടെടുപ്പ് നടക്കുക. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഒരാള്‍ക്ക് ലഭിക്കും വരെ വോട്ടെടുപ്പ് തുടരണമെന്നാണ് ചട്ടം. സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുമ്പോഴാകും പുതിയ പാപ്പയെ തിരഞ്ഞെടുത്തതായി ലോകം അറിയുക.