പാക് പാർലമെന്റിൽ മൂഷിക വിളയാട്ടം; കരണ്ട് തീർത്തത് സുപ്രധാന രേഖകൾ, ഒടുവിൽ എലിയെ പിടിക്കാൻ ബജറ്റിൽ തുക അനുവദിച്ച് സർക്കാർ

പാകിസ്ഥാൻ പാർലമെൻ്റിന് ഒരു പ്രശ്നമുണ്ട്. അത് പക്ഷെ രാഷ്ട്രീയക്കാരുമായി ഒരു ബന്ധവുമുള്ളതല്ല. പാക് പാർലമെന്റിനെ വലച്ച് എലിശല്യം രൂക്ഷമാവുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് എലിശല്യം രൂക്ഷമായ പാർലമെന്റിന്റെ ഭീകര ചിത്രം പുറത്ത് വന്നത്. പാർലമെന്റിലെ രേഖകൾ എലികൾ കാർന്ന് തിന്നുകയാണ്. പാർലമെന്റിലെ പുതിയ തുടക്കക്കാരെ ഭയപ്പെടുത്തുന്നതും ഓഫീസുകളെ ഒറ്റരാത്രികൊണ്ട് ‘മാരത്തൺ’ ട്രാക്കുകളാക്കി മാറ്റുന്നതും എലികളാണ്.

എലിശല്യത്തിൽ പൊറുതിമുട്ടുകയാണ് പാകിസ്ഥാൻ. 2008 മുതലുള്ള മീറ്റിംഗുകളുടെ രേഖകൾ കാണാൻ ഒരു ഔദ്യോഗിക സമിതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രശ്നത്തിൻ്റെ വ്യാപ്തി വെളിപ്പെട്ടത്. രേഖകൾ ശേഖരിച്ചപ്പോൾ, മിക്കവയും എലികൾ കടിച്ചതാണെന്ന് കണ്ടെത്തി. അതേസമയം എലികളെ കണ്ടാൽ പൂച്ചകൾ വരെ ഭയന്ന് പോകുമെന്ന് ദേശീയ അസംബ്ലി വക്താവ് സഫർ സുൽത്താൻ പറഞ്ഞത്. എലിയുടെ ആക്രമണം രൂക്ഷമായ പാർലമെന്റിൽ 1.2 മില്യൺ രൂപയാണ് എലിശല്യം ഇല്ലാതാക്കി മാറ്റാനായി നീക്കിവച്ചിരിക്കുന്നത്.

സെനറ്റ് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ് മാത്രമല്ല, മിക്ക രാഷ്ട്രീയ പാർട്ടി യോഗങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റികളും ആതിഥേയത്വം വഹിക്കുന്ന പ്രദേശമാണിത്. വൈകുന്നേര സമയങ്ങളിൽ ആളുകളില്ലാത്തപ്പോൾ, ഒരു മാരത്തൺ പോലെ എലികൾ അവിടെ ഓടിനടക്കുകയാണെന്ന് ഒരു ദേശീയ അസംബ്ലി ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥിരജീവനക്കാർക്ക് ഇതൊരു ശീലമായി എന്നാൽ പുതുതായി എത്തുന്ന ജീവനക്കാർക്ക് അതൊരു ഭയപ്പെടുത്തുന്ന കാഴ്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എലികളെ കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥരെ സഹായിക്കുന്ന ഒരു കീടനിയന്ത്രണ കമ്പനിയെ കണ്ടെത്തുന്നതിനായി ഇതിനോടകം നിരവധി പാകിസ്ഥാൻ പത്രങ്ങളിൽ പരസ്യങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ഇതുവരെയും രണ്ട് പേർ മാത്രമാണ് താൽപ്പര്യം പ്രകടിപ്പിച്ചത്. പാർലമെന്റിന്റെ ഒന്നാം നിലയിലാണ് എലി ശല്യം രൂക്ഷണായിട്ടുള്ളത്. രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതും പ്രതിപക്ഷ നേതാവിന്റെ ഓഫീസടക്കമുള്ളവയാണ് ഒന്നാം നിലയിലുള്ളത്.

Read more