ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലിന് തീ പിടിച്ച് ഏഴ് മരണം

ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലിന് തീപ്പിടിച്ച് ഏഴ് പേര്‍ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പോളില്ലോ ദ്വീപില്‍ നിന്ന് റിയല്‍ പട്ടണത്തില്ലെയ്ക്ക് 150 യാത്രാക്കാരുമായി യാത്ര തിരിച്ച കപ്പലിലാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ തീപ്പിടിത്തമുണ്ടായത്. തീപ്പിടിച്ചതോടെ യാത്രാകപ്പലില്‍ നിന്ന് കടലിലേക്ക് ചാടിയ 120 ലേറെ പേരെ രക്ഷപ്പെടുത്തി. തലസ്ഥാനമായ മനിലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തുറമുഖത്ത് എത്തുന്നതിന് മുമ്പായിരുന്നു അപകടം.

മരിച്ചവരില്‍ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഏഴ് പേര്‍ മരിച്ചതായും 120 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും രക്ഷപ്പെടുത്തിയവരില്‍ 23 പേര്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഫിലിപ്പീന്‍സ് കോസ്റ്റ്ഗാര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Read more

അപകടത്തിന്റേയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ചിത്രങ്ങളും കോസ്റ്റ് ഗാര്‍ഡ് സോഷ്യൽ മീഡിയ വഴി ഷെയര്‍ ചെയ്തിട്ടുണ്ട്. ആറരയോടെയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. തീ കെടുത്താന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ നേരമെടുത്തുവെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.